കാനം വിജയൻ സാംസ്കാരിക രംഗത്തെ കമ്മ്യൂണിസ്റ്റ് സജിവത: എൻ.അരുൺ

മൂവാറ്റുപുഴ: സാംസ്കാരിക സാമൂഹിക രംഗത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവത ഉറപ്പിച്ചിരുന്ന സഖാവിനെയാണ് സ.കാനം വിജയന്റെ മരണത്തിലൂടെ നഷ്ടമായതെന്ന് സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ എൻ.അരുൺ പറഞ്ഞു.
വിവിധ സംഘടനകളുമായി സഹകരിച്ച് നിരവധി നിർധനരായ ജനങ്ങളെ സഹായിക്കുന്നതിലും നേതൃത്വ പരമായ പങ്കുവഹിച്ചിരുന്ന ഒരു ജീവകാരുണ്യ പ്രവർത്തകനെയാണ് മൂവാറ്റുപുഴക്ക് നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. സി.പി.ഐ മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കാനം വിജയൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അരുൺ. ചടങ്ങിൽ സി.പി.ഐ മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ സൗത്ത് ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി ജോർജ് വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ടി.എം.ഹാരിസ്, നേതാക്കളായ കെ.എ.സനീർ, പോൾ പൂമറ്റം. പി.ജി.ശാന്ത, കെ.ബി.ബിനീഷ് കുമാർ, കെ.ബി. നിസാർ എന്നിവർ സമ്പന്ധിച്ചു.