കാത്തിരിപ്പിന് വിരാമമായി; മുളവൂര്‍ പള്ളിപ്പടിയില്‍ ഇനി ഹൈമാക്‌സ് പ്രാകാശം.

മൂവാറ്റുപുഴ: നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് പായിപ്ര ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ മുളവൂര്‍ സെന്‍ട്രല്‍ട്രല്‍ ജുമാമസ്ജിദ് ജംഗ്ഷനില്‍ ഇനി ഹൈമക്‌സ് ലൈറ്റ് പ്രകാശിക്കും. മുന്‍എം.പി.ജോയ്‌സ് ജോര്‍ജിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഹൈമാക്‌സ് ലൈറ്റ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളില്‍ കുടുങ്ങിയും, സാങ്കേതിക തടസങ്ങള്‍ നേരിട്ടതുമാണ് ലൈറ്റ് സ്ഥാപിക്കാന്‍ വൈകിയത്. മുളവൂര്‍ സെന്‍ട്രല്‍ ജുമാമസ്ജിദ് ജംഗ്ഷനില്‍ ഹൈമാക്‌സ് ലൈറ്റ് വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പഞ്ചായത്തിലെ പലസ്ഥലങ്ങളിലും ഹൈമാക്‌സ് ലൈറ്റുകള്‍ സ്ഥാപിച്ചപ്പോള്‍ മുളവൂര്‍ പള്ളിപ്പടി ജംഗ്ഷനിലും ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ മുട്ടാത്ത വാദിലുകളില്ല. എന്നാല്‍ പായിപ്ര ഗ്രാമപഞ്ചായത്തിന്റെ പ്രധാന ജംഗ്ഷനുകളിലെല്ലാം തന്നെ ഹൈമാക്‌സ് ലൈറ്റുകള്‍ സ്ഥാപിച്ചപ്പോള്‍ പഞ്ചായത്തിലെ കിഴക്കന്‍ മേഖലയായ മുളവൂരിനോട് അവഗണനയായിരുന്നു. ഇതേതുടര്‍ന്ന് പ്രദേശവാസികളുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് പ്രദേശത്തിന്റെ പ്രാധാന്യവും കണക്കിലാക്കി മുന്‍എം.പി ജോയ്‌സ് ജോര്‍ജ് ഹൈമാക്‌സ് ലൈറ്റ് അനുവദിക്കുകയായിരുന്നു. എന്നാല്‍ സാങ്കേതികതത്വത്തില്‍ തട്ടി ലൈറ്റ് സ്ഥാപിക്കല്‍ വൈകിയതോടെ ഇതിനെതിരെ വ്യാപകമായ കുപ്രചരണമാണ് അഴിച്ച് വിട്ടത്. അതിപുരാതനമായ മുളവൂര്‍ സെന്‍ട്രല്‍ ജുമാമസ്ജിദില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി നിരവധി തീര്‍ഥാടകരാണ് എത്തുന്നത്. മദ്രസ അടക്കം നിരവധി സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റുകളെയാണ് ആശ്രയിക്കുന്നത്. ഇതാണങ്കില്‍ അധിക ദിവസങ്ങളിലും പ്രകാശിക്കാറില്ല. നിരവധിയാളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പ്രദേശത്തിന്റെ പ്രാധാന്യം കണക്കിലാക്കി ഹൈമാക്‌സ് ലൈറ്റ് സ്ഥാപിച്ചതോടെ പ്രദേശത്തിന്റെ ചിരകാല സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാകുന്നത്..