കാണാതായ ആരക്കുഴ സ്വദേശിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി .

Muvattupuzhanews.in

മൂവാറ്റുപുഴ: മൂന്നു മാസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മൂവാറ്റുപുഴയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മൂവാറ്റുപുഴ ആരക്കുഴ കുന്നുംപുറം വീട്ടില്‍ ജിമ്മി മാത്യുവിന്റെ (49)തലയോട്ടിയും അസ്ഥികൂടങ്ങളുമാണ് തൃശൂർ നെടുപുഴ റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റികാട്ടില്‍ നിന്നും കണ്ടെത്തിയത്. ജിമ്മിയുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച ലൈസന്‍സില്‍ നിന്നാണ് ജിമ്മിയെ തിരിച്ചറിഞ്ഞത്. ബന്ധുക്കളെത്തി തിരിച്ചറിഞ്ഞ മൃതദേഹം ബുധനാഴ്ച്ച മൂവാറ്റുപുഴയില്‍ സംസ്‌കരിച്ചു. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി കെ.എം ജിജിമോന്റെ നേതൃത്വത്തില്‍ ഇയാളെ കാണാതായത് സംബന്ധിച്ചു അന്വേഷണം നടന്നു വരുന്നതിനീടെയാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ നെടുപുഴ റെയില്‍വേ ട്രാക്കിന് സമീപത്തെ കാട് വെട്ടിതെളിച്ചുകൊണ്ടിരുന്ന റെയില്‍വേ തൊഴിലാളികളാണ് ആദ്യം തലയോട്ടി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മറ്റ് ശരീരാവശിഷ്ടങ്ങളും ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ലൈസന്‍സും കണ്ടെത്തിയത്. ലൈസന്‍സാണ് വഴിത്തിരിവായത്. ഈ വര്‍ഷം ജൂണ്‍ 30 നാണ് ജിമ്മിയെ കാണാതായത്. ഇത് സംമ്പന്ദിച്ച് ജൂലൈ 7 ന് ഭാര്യ അനീറ്റ മൂവാറ്റുപുഴ പൊലിസിന് പരാതി നല്‍കിയിരുന്നു. ഇത് പിന്നിട് ക്രൈം ബ്രാഞ്ച് സംഘം ഏറ്റെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

80 ലക്ഷത്തോളം രൂപയടക്കമാണ് ജിമ്മിയെ കാണാതായതെന്ന് വിദേശത്ത് നിന്നും അടുത്തിടെ മടങ്ങിയെത്തിയ ഭാര്യ പറയുന്നു. ഉല്‍ക്ക , ഇരുതലമൂരി , വെള്ളിമൂങ്ങ വ്യാപാരത്തിലായിരുന്ന ജിമ്മിയെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇത് സംബന്ദിച്ച് സംസ്ഥാന പൊലിസ് മേധാവിക്ക് അടുത്ത ദിവസം ബന്ധുക്കള്‍ പരാതി നല്‍കും . അന്വേഷണ സംഘത്തില്‍ എസ്.ഐ ആര്‍. ബൈജു, സീനിയര്‍ പൊലിസ് ഓഫീസര്‍ പി.എസ് ജോജി, സിവില്‍ പൊലിസ് ഓഫീസര്‍ നിയാസ് മീരാന്‍ എന്നിവരുമുണ്ടായിരുന്നു.

Leave a Reply

Back to top button
error: Content is protected !!