ഒഴുക്കിനെതിരെ തുഴയെറിയാൻ പിറവം വള്ളംകളി ഇന്ന്

പിറവം: ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളുടെ മുന്നോടിയായി പിറവം പ്രാദേശിക വള്ളംകളി ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് മത്സര സമ്മേളനം ആരംഭിക്കും. രണ്ട് മണിക്ക് ആരംഭിക്കുന്ന പ്രാദേശിക വള്ളംകളിയിൽ പിറവത്തെ മൂന്ന് പ്രാദേശിക ക്ലബ്ബുകളുടെ ആറ് വള്ളങ്ങൾ മത്സരിക്കും. പ്രാദേശിക വള്ളങ്ങൾക്ക് 70000 രൂപ വീതം ബോണസ് തുക നൽകും. വൈകീട്ട് നാല് മണി മുതൽ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ ആരംഭിക്കും. മൂന്ന് ഹീറ്റ്സുകളിലായി ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് ലീഗിൽ മത്സരിക്കുന്നത്. മത്സരത്തോടനുബന്ധിച്ച് വിവിധ കലാ, സാംസ്കാരിക പരിപാടികളും അരങ്ങേറും.
മുന്നൊരുക്കങ്ങളുടെ ഭാഗമായി എം.എൽ.എ അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ സമിതി മത്സരവേദിയും സമീപ കേന്ദ്രങ്ങളും പരിശോധിച്ചു. വള്ളംകളിക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും പൂർത്തിയായി. പവലിയൻ, ട്രാക്ക്, മത്സര വിധികർത്താക്കൾ, കമന്റേറ്റർമാർ ഉൾപ്പെടെ ഇത്തരത്തിൽ സഞ്ചമാക്കി. പിറവം പാലത്തിന് താഴെ പുഴയുടെ കുത്തൊഴുക്കിനെ കീറി മുറിച്ച് കൊണ്ട് ഒൻപത് ചുണ്ടൻ വള്ളങ്ങൾ മത്സര രംഗത്തുണ്ട്. ഇതു കൂടാതെ പ്രാദേശിക സമതികളുടെ നേതത്വത്തിലുള്ള ബി ഗ്രഡ് വള്ളങ്ങളും മത്സരിക്കും.
വള്ളംകളിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി ധനകാര്യ മന്ത്രി തോമസ് ഐസക്കിനും,ടൂറിസം മന്ത്രി കടകംപിള്ളി സുരേന്ദ്രനും അനൂപ് ജേക്കബ് എം.എൽ.എ, നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബ് നിവേദനം നൽകിയിരുന്നു. തുടർന്ന് കേരള വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ പിറവം വള്ളംകളിയെ ചാമ്പ്യൻസ് ബോട്ട് റേസ് ലീഗിൽ ഉൾപ്പെടുത്തുകയായിരുന്നു. മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ, മന്ത്രി ടി.എം.ജേക്കബ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി അന്തർജനം എന്നിവരുടെ സ്മരണക്കായി തുടങ്ങി വച്ച പിറവം വള്ളംകളി നിർത്തിവച്ചിരിക്കുകയായിരുന്നു.
1980 കാലഘട്ടത്തിൽ സജീവമായിരുന്ന വള്ളംകളി ഇടയ്ക്കുവെച്ച് നിന്നു പോവുകയായിരുന്നു. 2010 ൽ സാബു കെ. ജേക്കബിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി വള്ളംകളി വീണ്ടും നടത്തുകയായിരുന്നു. കഴിഞ്ഞ 5 വർഷവും തുടർച്ചയായി നടത്തിയിരുന്ന വള്ളംകളി സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ടു വർഷം നടന്നിരുന്നില്ല. പുഴയിലെ ഒഴുക്കിനെതിരെ തുഴയുന്നു എന്നതിലൂടെ ശ്രദ്ധേയമായ പിറവം വള്ളംകളിയിൽ നെഹ്‌റു ട്രോഫി മത്സരത്തിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങളും, വെപ്പ്, ഓടി എന്നീ വള്ളങ്ങളും പങ്കെടുത്തിരുന്നു. #പ്രിൻസ് ഡാലിയ.