ഏനാനല്ലൂര്‍ വില്ലേജ് ഓഫീസില്‍ ഇനി കരണ്ടു പോവില്ല………. നാടിനെ സ്‌നേഹിച്ച ഡോ.എം.സി ജോര്‍ജിന്റെ സ്മരണയ്ക്കായി ഇന്‍വെര്‍ട്ടര്‍ സ്ഥാപിച്ചു

മുവാറ്റുപുഴ: അടിയ്ക്കടി ഉണ്ടാകുന്ന വൈദ്യുതി തടസ്സം മൂലം തടസപ്പെട്ടിരുന്ന വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം ഇനി തടസമില്ലാതെ തുടരും. പൊതു ജന സഹകരണത്തോടെ സ്മാര്‍ട്ട് വില്ലേജ് എന്ന ആശയം സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയ ഏനാനല്ലൂര്‍ വില്ലേജ് ഓഫിസിനാണ് 2000 വാട്‌സ് ശേഷിയുള്ള യു.പി.എസ് ലഭിച്ചത്. മുന്‍ പി.എസ്.സി അംഗവും ഇന്‍ഫാം ദേശീയ ട്രസ്റ്റിയുമായിരുന്ന പരേതനായ കാരിമറ്റം മനയത്ത് ഡോ. എം.സി ജോര്‍ജിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബമാണ് ഓഫിസിലെ മുഴുവന്‍ ആവശ്യങ്ങള്‍ക്കും ഉതകുന്ന യു.പി.എസ് വാങ്ങി നല്‍കിയത്. വില്ലേജില്‍ നടന്ന ചടങ്ങില്‍ എം.സി. ജോര്‍ജിന്റെ ഭാര്യ മേരീസ് ജോര്‍ജില്‍ നിന്നും മുവാറ്റുപുഴ ആര്‍.ഡി.ഒ എം.ടി അനില്‍കുമാര്‍ യു.പി.എസ്. ഏറ്റുവാങ്ങി. മുവാറ്റുപുഴ തഹസില്‍ദാര്‍ പി.എസ്.മധുസൂദനന്‍ നായര്‍, ഭൂരേഖ തഹസില്‍ദാര്‍ അമൃതവല്ലി അമ്മാള്‍, ഗ്രാമ പഞ്ചായത്തംഗം സിന്ധു ബെന്നി, ഫാ.ഡോ.എം.സി. അബ്രഹാം, മനയത്ത് കുടുംബാംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. പൊതുജന പങ്കാളിത്വത്തോടെ എങ്ങനെ ഒരു സര്‍ക്കാര്‍ ഓഫിസ് എങ്ങനെ സ്മാര്‍ട്ട് ആക്കി മാറ്റാം എന്നതിന് ഉദാഹരണമാണ് ഏനാനല്ലൂര്‍ വില്ലേജ് ഓഫീസ്. ഈ വര്‍ഷത്തെ ജില്ലയിലെ മികച്ച വില്ലേജോഫീസറായി തെരഞ്ഞെടുക്കപ്പെട്ട റോയി.പി. ഏലിയാസിന്റെയും സഹപ്രവര്‍ത്തകരുടെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം മൂലം സംസ്ഥാനത്തിനു തന്നെ മാതൃകയാണ് ഈ വില്ലേജ് ഓഫീസ്.