ഉള്ളി,സവാള വില വര്‍ധനയ്ക്കെതിരേ ഒറ്റയാള്‍ സമരവുമായി സൈതു കുഞ്ഞ്

മൂവാറ്റുപുഴ: സവാളയുടെയും , ഉള്ളിയുടെയും വില വര്‍ധനവിനെതിരേ ഒറ്റയാള്‍ സമരവുമായി സൈതു കുഞ്ഞ്.
ജന്മനാ ബധിരനും,മൂകനുമായ കാവുംങ്കര മഠത്തില്‍ സൈതു കുഞ്ഞാണ് കഴുത്തില്‍ സവാള മാല അണിഞ്ഞ് പ്രതിഷേധിച്ചത്. ഉള്ളിക്ക് ശനിയാഴ്ച 165 രൂപയായിരുന്നു വില. സവാളക്ക് 110 കടന്നു.
നിത്യോപയോഗ സാധനമായ ഇവയുടെ വില വര്‍ധന സാധാരണക്കാര്‍ക്ക് താങ്ങാനാവില്ലന്നും വില വര്‍ധന പിടിച്ചു നിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ക്കറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒറ്റയാള്‍ സമരം നടത്തിയത്.
എഫ് എ സി ടി യില്‍ നിന്ന് വിരമിച്ച സൈതു കുഞ്ഞ് പ്രളയത്തില്‍പ്പെട്ടവരെ സഹായിക്കുവാനായി ചെരുപ്പ് പോളിഷ് ചെയ്തു പണം കണ്ടെത്തി നല്‍കിയതുള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി ജനശ്രദ്ധ നേടിയയാളാണ്.