ആരോഗ്യ ഇന്‍ഷ്യൂറന്‍സ് പുതുക്കല്‍ തിയ്യതി നീട്ടണം; എല്‍ദോ എബ്രഹാം എം.എല്‍.എ

മൂവാറ്റുപുഴ: സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നടന്നുവരുന്ന ആരോഗ്യ ഇന്‍ഷ്യൂറന്‍സ് പുതുക്കുന്നത് ഈമാസം 29ന് അവസാനിക്കാനിരിക്കെ ഇന്‍ഷ്യൂറന്‍സ് പുതുക്കുന്നതിനുള്ള തിയ്യതി നീട്ടണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ക്ക്  കത്ത് നല്‍കി. പഞ്ചായത്തുകളില്‍ ആരോഗ്യ ഇന്‍ഷ്യൂറന്‍സ് പുതുക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക ഏജന്‍സിയെയാണ് നിയോഗിച്ചിരിക്കുന്നത്. ഓരോ പഞ്ചായത്തിലും ഒരു യൂണിറ്റും അതിന്റെ ജീവനക്കാരുമാണുള്ളത്. വാര്‍ഡുകളില്‍ പ്രത്യേക സ്ഥലങ്ങളില്‍ ആരോഗ്യ ഇന്‍ഷ്യൂറന്‍സ് കാര്‍ഡ് പുതുക്കുന്നതിനും, പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. വാര്‍ഡുകളില്‍ എത്താന്‍ കഴിയാത്തവര്‍ക്കാണ് പഞ്ചായത്തുകളില്‍ സൗകര്യമെരുക്കിയിരിക്കുന്നത്. എന്നാല്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള സമയപരിധി ഈമാസം 29ന് അവസാനിക്കാനിരിക്കെ പഞ്ചായത്തുകളിലേയ്ക്ക് ജനങ്ങള്‍ ഒഴുകിയത്തിയതോടെ എല്ലാ സ്ഥലങ്ങളിലും നീണ്ട ക്യൂവാണ്. ആരോഗ്യ ഇന്‍ഷ്യൂറന്‍സില്‍ അംഗമാകുന്ന ഒരാള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്ല്യമാണ് ലഭിക്കുന്നത്.  കാര്‍ഡ് പുതുക്കുന്നതിന് റേഷന്‍ കാര്‍ഡിലെ ഗ്രഹനാഥ മതിയെങ്കില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിന് റേഷന്‍ കാര്‍ഡില്‍ പേരുള്ള മുഴുവന്‍ അംഗങ്ങളും എത്തണം. ഇവരുടെ ഫോട്ടോയും, രേഖകളും പരിശോധിച്ച്  കമ്പ്യൂട്ടറിലേയ്ക്ക് ആഡ്‌ചെയ്യുന്നതടക്കം ഏറെ സമയമാണ് ഒരു കുടുംബത്തിനായി വേണ്ടിവരുന്നത്. എന്നാല്‍ നിരവധിയാളുകളാണ് പല പഞ്ചായത്തുകളിലും കാര്‍ഡ് പുതുക്കാനും, പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി എത്തുന്നത്. ഈമാസം 29ന് കാര്‍ഡ് പുതുക്കല്‍ അവസാനിപ്പിച്ചാല്‍ അര്‍ഹരായ നിരവധിയാളുകള്‍ക്ക് അവസരം നഷ്ടപ്പെടും. രോഗികള്‍ക്ക് ഏറെ ആശ്വാസകരമാകുന്ന ആരോഗ്യ ഇന്‍ഷ്യൂറന്‍സ് കാര്‍ഡ് പുതുക്കലും, ചേര്‍ക്കലും ഒരുമാസം കൂടി നീട്ടി നല്‍കിയാല്‍ നിരവധി ആളുകള്‍ക്ക് ആസ്വാസമാകുമെന്നും, കാര്‍ഡിന്റെ കാലാവധി ഒരു വര്‍ഷമെന്നത് അഞ്ച് വര്‍ഷമാക്കണമെന്നും എം.എല്‍.എ കത്തിലൂടെ ആവശ്യപ്പെട്ടു.  

Leave a Reply

Back to top button
error: Content is protected !!