അങ്കമാലിയിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ നാലു മരണം.

അങ്കമാലി: സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ നാലു മരണം. ഓട്ടോ ഡ്രൈവറും, വാഹനത്തില്‍ യാത്രക്കാരായുണ്ടായിരുന്ന മൂന്ന് സ്ത്രീകളുമാണ് മരണമടഞ്ഞത്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ മരണമടഞ്ഞ ഓട്ടോ ഡ്രൈവര്‍ മങ്ങാട്ടുകര സ്വദേശി ജോസഫ്, ​യാത്രക്കാരി പാറയ്ക്ക ജോർജിന്റെ ഭാര്യ മേരി,കൈപ്രമ്പാടൻ തോമസിന്റെ ഭാര്യ റോസി,മേരി മത്തായി എന്നിവരാണ് മരണപ്പെട്ടത്.

ബാങ്ക് കവലയില്‍ ദേശീയപാത മുറിച്ചു കടക്കാന്‍ ശ്രമിച്ച ഓട്ടോയിലേക്ക് അമിത വേഗതയില്‍ എത്തിയ ബസ് ഇടിച്ചു കയറുകയായിരുന്നു. ഓട്ടോയുടെ മുകളിലുടെ ബസ് കയറിയിറങ്ങിയതായിട്ടാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന മൊഴി. ബസിന്റെ അടിയില്‍ പെട്ടുപോയ ഓട്ടോ, വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. ബസില്‍ യാത്ര ചെയ്ത പത്തോളം പേർക്ക് നിസാര പരിക്കേറ്റു. ഇവരിൽ ചിലർ അങ്കമാലി സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.

ഇടിയുടെ ആഘാതത്തില്‍ അപകടസ്ഥലത്ത് വെച്ച് തന്നെ ഓട്ടോയില്‍ ഉണ്ടായിരുന്ന നാലു പേരും മരിച്ചിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ അങ്കമാലി സര്‍ക്കാര്‍ ​ആശുപത്രയിലേക്ക് മാറ്റി.

Leave a Reply

Back to top button
error: Content is protected !!