തടിലോറിയുടെ പിന്നില്‍ ബൈക്ക് ഇടിച്ച്കയറി യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴ: തടിലോറിയുടെ പിന്നില്‍ ബൈക്ക് ഇടിച്ച്കയറി യുവാവിന് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ 3.50ഓടെ പള്ളിച്ചിറങ്ങരയിലുണ്ടായ വാഹനാപകടത്തില്‍ തൊടുപുഴ മുതലക്കോടം സ്വദേശി നടയ്ക്കല്‍ മുഹമ്മദ് നബീല്‍ എന്‍.ആര്‍ (21) ആണ് മരിച്ചത്. പള്ളിച്ചിറങ്ങരയിലുള്ള ബ്രദേഴ്‌സ് മാര്‍ബിള്‍സിന് മുന്‍പിലാണ് അപകടമുണ്ടായത്. മൂവാറ്റുപുഴയില്‍ നിന്ന് പെരുമ്പാവൂരിലേയ്ക്ക് പോവുകയായിരുന്ന നബീല്‍ സഞ്ചരിച്ച ബൈക്ക് തടികയറ്റിവന്ന ലോറിയുടെ പിന്നില്‍ ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നബീലിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മൂവാറ്റുപുഴ പോലീസ് സംഭവസ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഖബറടക്കം വെള്ളിയാഴ്ച വൈകിട്ട് കുന്നം ദാറുൽ ഫത്തഹ് ജുമാ മസ്ജിദിൽ. പിതാവ്: റഷീദ്. മാതാവ്: ഷെമി. സഹോദരൻ: നിഹാൽ.