നഗരസഭാ ഭരണസമിതികൾ മാറി വന്നിട്ടും അനക്കമില്ലാതെ സ്ത്രീ സുരക്ഷാ പദ്ധതികൾ.

 

നിർമ്മാണം പൂർത്തിയാക്കിയിട്ടും പ്രവർത്തനമില്ലാതെ ഷീ ലോഡ്ജ്, ഷീ ടോയ്‌ലറ്റ് പദ്ധതികൾ.
പ്രഖ്യാപനത്തിലൊതുങ്ങിയ സിറ്റി ബസ് സർവീസ്

മൂവാറ്റുപുഴ : ഏതുസമയത്തും നഗരത്തിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ മൂന്നു പദ്ധതികളും വഴിമുട്ടിയ അവസ്ഥയിൽ. കഴിഞ്ഞ നഗരസഭാ കൗൺസിൽ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത ഷീ ടോയ്ലറ്റ്,ഷീ ലോഡ്ജ് പദ്ധതികളാണ് നഗരസഭ ഭരണ സമിതിയുടെ അനാസ്ഥയെ തുടർന്ന് ഇപ്പോൾ അടഞ്ഞുകിടക്കുന്നത്. കഴിഞ്ഞ ഭരണസമിതിയാണ് സ്ത്രീ സുരക്ഷയ്ക്കായുള്ള മൂന്ന് പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതിൽ കുടുംബശ്രീ സിറ്റി ബസ് സർവീസ് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി.

7 ലക്ഷം രൂപ മുടക്കി സ്ത്രീകളുടെ സുരക്ഷയും സ്വകാര്യതയും കണക്കിലെടുത്ത് എംസി റോഡരികിലാണ് ഷീ ടോയ്ലറ്റ് നിർമ്മിച്ചിരിക്കുന്നത്. മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം നഗരസഭയുടെ സ്വന്തം സ്ഥലത്താണ് 25 ലക്ഷം രൂപ ചെലവഴിച്ച് ഷീ ലോഡ്ജ് നിർമ്മിച്ചത്. നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസം ഉറപ്പാക്കാൻ വേണ്ടിയായിരുന്നു ഈ പദ്ധതി. ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തിക്കാത്ത ഷീ ലോഡ്ജ്, ഷീ ടോയ്‌ലറ്റ് പദ്ധതികളിൽ പുതിയ നഗരസഭ ഭരണ സമിതി തുടർ നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് ഇനിയും പ്രവർത്തനമാരംഭിച്ചിട്ടില്ല. സ്ത്രീസുരക്ഷ ഉറപ്പാക്കാൻ പ്രഖ്യാപിച്ച പദ്ധതികൾ ഇനിയും പ്രവർത്തനം ആരംഭിക്കാത്തത് നഗരസഭയ്ക്ക് സ്ത്രീകളോടുള്ള അവഗണനയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

ചിത്രം – മൂവാറ്റുപുഴ നെഹ്റു പാർക്കിനടുത്തുള്ള പൂട്ടിക്കിടക്കുന്ന ഷീ ടോയ്‌ലറ്റ്

Back to top button
error: Content is protected !!