തൃക്കപാടത്തു വിരുന്നെത്തി വിസ്മയം തീർക്കുന്ന ദേശാടന പക്ഷികളുടെ അപൂർവ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഷമീർ പെരുമറ്റം …..

ഏബിൾ. സി. അലക്സ്‌ .....

 

കൊച്ചി : മുവാറ്റുപുഴ സ്വദേശിയും, മാധ്യമ പ്രവർത്തകനും, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ഷമീർ പെരുമറ്റം തന്റെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്തത് ദേശാടനകിളികളുടെ മനോഹര ദൃശ്യങ്ങളാണ്. ദേശാടന പക്ഷികളുടെ താവളമായി മാറിയിരിക്കുകയാണ് മൂവാറ്റുപുഴ തൃക്കപാടശേഖരം. ചാരമുണ്ടി, ഏഷ്യന്‍ ഓപ്പണ്‍ വീല്‍, വൈറ്റ് ഐബീസ്, നീലക്കോഴി, ഫ്‌ളൈയിങ് ഡക്ക്, സൈബീരിയന്‍ കൊക്ക് എന്നിവയൊക്കെ തൃക്കപാടശേഖരത്തില്‍ ഈ കോവിഡ് കാലത്തും വിരുന്നിന് എത്തിയിട്ടുണ്ട്. പാടശേഖരത്തില്‍ വിസ്മയം തീര്‍ക്കുന്ന പക്ഷികളെ പകര്‍ത്താന്‍ ഇവിടെ ഫോട്ടോഗ്രാഫര്‍മാരും ഒട്ടേറെ എത്തുന്നു. എന്നാൽ അതിൽ നിന്ന് വേറിട്ട ചിത്രങ്ങൾ പകർത്തി സമൂഹ മാധ്യമത്തിൽ വൈറൽ ആയിരിക്കുന്നത് പ്രശസ്ത പരിസ്ഥിതി ഫോട്ടോഗ്രാഫർ ഷമീർ പെരുമറ്റമാണ്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സൈബീരിയയില്‍ നിന്നും കാസ്പിയന്‍ മേഖലയില്‍ നിന്നും കാതങ്ങള്‍ പറന്നെത്തുന്ന സൈബീരിയന്‍ കൊക്കുകള്‍ വരെ ഇപ്പോൾ മൂവാറ്റുപുഴ തൃക്കപാടശേഖരത്ത് സന്ദര്‍ശിച്ചാണ് മറ്റു ദിക്കുകളിലേക്കു പോകുന്നത്. ഇപ്പോള്‍ ഇവിടെ കൂടുതല്‍ എത്തിയിരിക്കുന്നത് കാട്ടുതാറാവുകള്‍ എന്നറിയപ്പെടുന്ന വിസിലിങ് ഡെക്കുകളാണ്. നീലക്കോഴികളും കൂട്ടമായി എത്തിയിട്ടുണ്ട്. ചായാമുണ്ടി, ഏഷ്യന്‍ ഓപ്പണ്‍ വീല്‍ എന്നിവയ്ക്കു പുറമേ നാട്ടില്‍ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന നാട്ടുവേലിതത്ത, ആറ്റക്കറുപ്പന്‍ എന്നിവയും തൃക്ക പാടശേഖത്തില്‍ പറന്നിറങ്ങിയിട്ടുണ്ട്.മുവാറ്റുപുഴ കിഴക്കേക്കരയും, തൃക്കപാടശേഖരവും വര്‍ഷങ്ങളായി ദേശാടന പക്ഷികളുടെ ഇഷ്ടതാവളങ്ങളാണ്. എല്ലാ വര്‍ഷവും കൃത്യമായ ഇടവേളകളില്‍ ദേശാടപക്ഷികള്‍ ഇവിടെ എത്തും. തൃക്ക, മണിയങ്കുളം പാടങ്ങളില്‍ ധാരാളമുള്ള ഞണ്ട്, ഞവണിക്ക, ചെറുപരലുകള്‍ എന്നിവ കൊക്കുകള്‍ക്ക് ഇഷ്ട ഭക്ഷണമാണ്. കൊടുംതണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ചൂടുകലാവസ്ഥയും ഭക്ഷണവും തേടി അയ്യായിരത്തിലേറെ കിലോമീറ്റര്‍ താണ്ടിയാണ് ഇവയുടെ വരവ്. ജീവചക്രത്തിന്റെ അനിവാര്യമായ ഒരു കാലയളവ് പൂര്‍ത്തിയാക്കി ദേശാടനപക്ഷികള്‍ തിരികെ പോകും. കാട്ടുതാറാവുകള്‍ കാലവും ദേശവും ഒന്നും നോക്കാതെ പാടങ്ങളിലും തണ്ണിര്‍ത്തടങ്ങളിലും പറന്നിറങ്ങിയിട്ടുണ്ട്. കിഴക്കന്‍ മേഖലയില്‍ മണിയങ്കുളം പാടവും ആനിക്കാട് ചിറയും ഇവയുടെ ഇഷ്ടതാവളമാണ്. ആദ്യമെത്തുന്നതും ആദ്യം തിരിച്ചുള്ള യാത്ര ആരംഭിക്കുന്നതും കാട്ടുതാറാവുകളെന്നറിയപ്പെടുന്ന വിസിലിങ് ഡക്കുകളാണ്.ഇവയുടെയെല്ലാം മനോഹര ദൃശ്യങ്ങൾ ഒപ്പിയെടുക്കാനുള്ള തത്രപാടിലാണ് ഷമീർ.

ചിത്രം: 1.തൃക്ക പാടശേഖരത്ത് വിരുന്നെത്തിയ ദേശാടന കിളികള്‍.
2.വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഷമീർ പെരുമറ്റം

Back to top button
error: Content is protected !!