പൈപ്പുപൊട്ടി വെള്ളം കുത്തിയൊഴുകുന്നത് വീടുകൾക്ക് ഭീഷണിയാകുന്നു.

വാഴക്കുളം:ജലസംഭരണ ടാങ്കിലേക്കുള്ള ഇരുമ്പു പൈപ്പുപൊട്ടി വെള്ളം കുത്തിയൊഴുകി വീടുകൾക്ക് മണ്ണിടിച്ചിൽ ഭീഷണിയാകുന്നു.കാവന പുളിക്കായത്തു കടവിനു സമീപമുള്ള ചിന്നൻ കോളനിയിലാണ് പൈപ്പുപൊട്ടി സമീപവാസികൾക്ക് ഭീഷണിയാകുന്നത്.
ടാങ്കിലേക്ക് വെള്ളം പമ്പു ചെയ്യുമ്പോൾ വലിയ ശബ്ദത്തോടെ വെള്ളം പുറത്തേക്ക് ശക്തമായി തെറിച്ച് വീടുകളിൽ വെള്ളം കയറുകയാണ്.

ഉയർന്ന പ്രദേശമായ ഇവിടെ നിരവധി വീടുകളാണ് അടുത്തടുത്തുള്ളത്. മണ്ണിട്ട് നിരപ്പാക്കിയും മറ്റുമുള്ള അഞ്ചു സെൻറു വീടുകളാണ് ഇവയിലേറെയും. വെള്ളം കുത്തിയൊഴുകി മണ്ണ് ഒലിച്ചുപോകുന്നതായും പരാതിയുണ്ട്.ആറേഴു വീടുകൾക്ക് ഇത് ഭീഷണിയായിട്ടുണ്ട്. കുത്തിയൊലിച്ചെത്തുന്ന വെള്ളം ഒരു വീടിൻ്റെ അടിയിലൂടെ ഒഴുകുന്നതായും സംശയിക്കുന്നു.ഇത് വീടിൻ്റെ സുരക്ഷയ്ക്ക് കനത്ത ഭീഷണിയാകുന്നുമുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവിടെ പൈപ്പുപൊട്ടി വെള്ളമൊഴുകി തുടങ്ങിയിട്ട്.അധികൃതർ സ്ഥലം സന്ദർശിച്ചു പോയതല്ലാതെ ശാശ്വതമായ പരിഹാരമൊന്നുമായിട്ടില്ല.ആരക്കുഴ ,മഞ്ഞള്ളൂർ,ആവോലി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലേക്ക് ജലവിതരണത്തിനുള്ള ടാങ്ക് നിറയ്ക്കുന്ന ഇരുമ്പു പൈപ്പാണിത്. അടിയന്തരമായി പൈപ്പിലെ തകരാർ നീക്കം ചെയ്ത് വീടുകളിലെ ഭീഷണി ഒഴിവാക്കണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്.

ഫോട്ടോ:
കാവന പുളിക്കായത്തു കടവിനു സമീപം ചിന്നൻ കോളനിയിൽ ജലവിതരണ ടാങ്കിലേക്കുള്ള ഇരുമ്പു പൈപ്പുപൊട്ടിയൊഴുകി മണ്ണൊലിപ്പു ഭീഷണി ഉയർത്തുന്ന നിലയിൽ.

Back to top button
error: Content is protected !!