എംവിഐപി കനാല്‍ തകര്‍ന്ന ഭാഗത്ത് താല്‍ക്കാലികമായി ജലവിതരണം പുനരാരംഭിക്കും

മൂവാറ്റുപുഴ: കഴിഞ്ഞ ദിവസം തകര്‍ന്ന മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ മാറാടി ബ്രാഞ്ച് കനാലില്‍ നിന്നുള്ള ജലവിതരണം താത്കാലികമായി പുനസ്ഥാപിക്കാന്‍ നടപടി. എംവിഐപി കനാല്‍ തകര്‍ന്ന ഭാഗത്ത് പൈപ്പിട്ട് താല്‍ക്കാലികമായി ജലവിതരണം പുനരാരംരംഭിക്കുമെന്ന് മാത്യു കുഴല്‍ നാടന്‍ എംഎല്‍എ പറഞ്ഞു. ഇത് സംബന്ധിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുമായും എംവിഐപി ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും അടിയന്തിരമായി ജലവിതരണം പുനസ്ഥാപിക്കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് പൈപ്പിടാന്‍ തീരുമാനിച്ചതെന്ന് എംഎല്‍എ പറഞ്ഞു. ചീഫ് എഞ്ചിനിയറുടെ ചുമതലയുള്ള മൈനര്‍ ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ബാജി ചന്ദ്രന്‍, എംവിഐപി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സി.കെ.ശ്രീകല, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.എന്‍
രഞ്ജിത തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ റോഡ് ഗതാഗത യോഗ്യമാക്കിയ ശേഷം നടത്തിയ തുടര്‍ പരിശോധനകള്‍ക്ക് ശേഷമാണ് കനാലുകള്‍ തമ്മില്‍ പൈപ്പിട്ട് ബന്ധിപ്പിച്ച് ജല വിതരണം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. കനാലിന്റെ ഇരുപത് മീറ്ററോളമാണ് തകര്‍ന്നത്. നാല്‍പത് മീറ്റര്‍ പൈപ്പിട്ട് തകര്‍ന്ന കനാലുകള്‍ തമ്മില്‍ ബന്ധിപ്പിക്കും. ഞായറാഴ്ച രാത്രി ഏഴിനാണ് മാറാടി ബ്രാഞ്ച് കനാല്‍ എണ്ണൂറാം മീറ്ററില്‍ തകര്‍ന്നത്.

 

 

Back to top button
error: Content is protected !!