ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ കുടിവെള്ള വിതരണം നടത്തണം; എല്‍ദോ എബ്രഹാം എം.എല്‍.എ.

 

മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ വാഹനത്തില്‍ കുടിവെള്ള വിതരണം നടത്തണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ. റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് കത്ത് നല്‍കി. കോവിഡ് 19നെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങള്‍ക്ക് കുടിവെള്ളക്ഷാമം ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും എം.എല്‍.എ. കത്തിലൂടെ ചൂണ്ടികാണിച്ചു. തനത് ഫണ്ടുള്ള പഞ്ചായത്തുകള്‍ക്ക് കുടിവെള്ള വിതരണത്തിന് തനത് ഫണ്ട് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും എം.എല്‍.എ. കത്തിലൂടെ ചൂണ്ടികാണിച്ചു. പല പഞ്ചായത്തുകളിലും തനത് ഫണ്ടിന്റെ കുറവ് തിരിച്ചടിയായിരിക്കുകയാണ്. റവന്യൂവകുപ്പിന്റെ നേതൃത്വത്തില്‍ വാഹനത്തില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് തഹസീല്‍ദാര്‍മാരെ ചുമതലപ്പെടുത്തണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ കുടിവെള്ള പദ്ധതികളില്‍ ഏറെയും മൂവാറ്റുപുഴയാറിനെയും, പെരിയാറിനെയും, പെരിയാര്‍ വാലി, എം.വി.ഐ.പി. കനാലുകളെയും ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വേനല്‍ കനത്തതോടെ മൂവാറ്റുപുഴ, പെരിയാറുകളിലെ ജലനിരപ്പ് താഴ്ന്നതോടെ കുടിവെള്ള പദ്ധതികളുടെ കിണറുകളിലെ ജല നിരപ്പ് താഴ്ന്നതും ഒട്ടുമിക്ക കുടിവെള്ള പദ്ധതികളുടെയും പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റിയുടെയും, ഗ്രാമീണ കുടിവെള്ള പദ്ധതികളുടെയും പമ്പ് ഹൗസുകളിലെ കിണറുകളില്‍ ജലനിരപ്പ് താഴ്ന്നതോടെ പലകുടിവെള്ള പദ്ധതികളിലും പമ്പിംഗ് മുടങ്ങല്‍ പതിവായിരിക്കുകയാണ്.ഇതോടൊപ്പം പൈപ്പ് പൊട്ടലും അറ്റകുറ്റപ്പണികളുടെ കാലതാമസവും സുഗമമായ കുടിവെള്ള വിതരണത്തിന് തടസം സൃഷിക്കുകയാണ്. കിഴക്കന്‍ മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലും കോളനികളിലടക്കം കുടിവെള്ളം മുടങ്ങുന്നതിനെതിരെ വ്യാപകമായ പരാതിയാണ് ഉയരുന്നത്. എന്നാല്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ വാഹനങ്ങളില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ. കത്തിലൂടെ മന്ത്രിയോടാവശ്യപ്പെട്ടു.

Back to top button
error: Content is protected !!