ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങള്‍ അഴിമതി നടത്തിയ വാര്‍ഡ് മെമ്പര്‍ രാജിവെക്കുക: പായിപ്രയില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി ബിജെപി

മൂവാറ്റുപുഴ: ബിജെപി പായിപ്ര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ പായിപ്ര പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ് ഷൈജു ഉദ്ഘാടനം ചെയ്തു. ഭരണസ്വാധീനത്തിന്റെ മറവില്‍ പായിപ്ര പഞ്ചായത്ത് 22-ാം വാര്‍ഡ് അംഗവും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ എം.സി വിനയന്‍ ലൈഫ് ഭവന പദ്ധതിയിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും, വിനയന്‍ രാജിവയ്ക്കണമെന്നും, അഴിമതി നടത്തിയവര്‍ക്കും കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ വിനയനെതിരെയും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അറിയിച്ചു.
പായിപ്ര കെഎസ്ഇബി ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് പായിപ്ര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണയില്‍ ബിജെപി പായിപ്ര പഞ്ചായത്ത് സമിതി പ്രസിഡന്റ് വിത്സന്‍ മത്തായി അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ ബസിത് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ഇ.റ്റി. നടരാജന്‍, മണ്ഡലം പ്രസിഡന്റ് അരുണ്‍ പി.മോഹന്‍, ജനറല്‍സെക്രട്ടറി റ്റി. ചന്ദ്രന്‍, കെ.എം.സിനില്‍, എസ് സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അജീഷ് തങ്കപ്പന്‍, ഒബിസി മോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് എ.എസ്. വിജുമോന്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി മോളി ജോസഫ്, ബിജെപി മണ്ഡലം വൈസ്പ്രസിഡന്റ്മാരായ സലിം കറുകപ്പിള്ളി, രമേഷ് കാവന, പി.കെ. രാജന്‍, മണ്ഡലം- പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!