മികവിന്റെ കേന്ദ്രമാകാനൊരുങ്ങി മൂവാറ്റുപുഴ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.

 

പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം 6 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിന് നിര്‍മ്മിച്ച പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഈ മാസം 6 ന് രാവിലെ 10-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ. അറിയിച്ചു. ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിന് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വകുപ്പില്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും 1.36-കോടി രൂപയാണ് അനുവദിച്ചത്. നാല് നിലകളിലായി 7500-ഓളം സ്‌ക്വയര്‍ഫീറ്റ് വരുന്ന മന്ദിരമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നാല് ക്ലാസ്സ് മുറികള്‍, ഒരു ഓഫീസ് മുറി, ഒരു സ്റ്റാഫ് റൂം, രണ്ട് ലാബ് റൂമുകള്‍, ബാത്ത് റൂമുകള്‍, മിനി ഓഡിറ്റോറിയം എന്നിവയാണ് പുതിയ മന്ദിരത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. 1983-84 വര്‍ഷത്തില്‍ മൂവാറ്റുപുഴ ശിവന്‍കുന്ന് സ്‌കൂളിലാണ് മൂവാറ്റുപുഴ വി.എച്ച്.എസ്.എസ്. പ്രവര്‍ത്തനം ആരംഭിക്കുന്നത്. 1991-92 കാലയളവില്‍ മൂവാറ്റുപുഴ മോഡല്‍ സ്‌കൂളിലേക്ക് വി.എച്ച്.എസ്.എസ്. മാറ്റി സ്ഥാപിക്കുകയായിരുന്നു. വി.എച്ച്.എസ്.എസിന്റെ മൂന്ന് കോഴ്സുകളാണ് ഇവിടെയുള്ളത്. അഗ്രികള്‍ച്ചറല്‍ വിഭാഗത്തില്‍ രണ്ടും, ലൈവ് സ്റ്റോക്ക് മനേജ്മെന്റിലെ ഒരു കോഴ്സുമാണുള്ളത്. ഫസ്റ്റ് ഇയറിലേയും, സെക്കന്റ് ഇയറിലേയുമായി 148-വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. പ്രിന്‍സിപ്പാള്‍ അടക്കം 11 അധ്യാപകരും, നാല് ഓഫീസ് സ്റ്റാഫുകള്‍ അടക്കമുള്ള ജീവനക്കാരാണ് ഇവിടെ യുള്ളത്. വി.എച്ച്.എസ്.എസിയ്ക്ക് മൂന്ന് കെട്ടിടങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് പൊളിച്ച് മാറ്റിയിരുന്നു. ഈ പൊളിച്ച് മാറ്റിയ സ്ഥലത്താണ് പുതിയ മന്ദിരം നിര്‍മിച്ചത്.

ചിത്രം- മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന മൂവാറ്റുപുഴ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ മന്ദിരം..

Back to top button
error: Content is protected !!