വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായന സൗഭഗം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: വായന ദിനാചരണത്തോടനുബന്ധിച്ച് വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായന സൗഭഗം സംഘടിപ്പിച്ചു. മുന്‍ സാഹിത്യ അക്കാദമി സെക്രട്ടറി പായിപ്ര രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഏത് മേഖലയിലും ഉയര്‍ച്ച നേടുന്നതിന് ആഴത്തിലുള്ളവായനയും അതില്‍ നിന്ന് ഉരുത്തിരിയുന്ന ചിന്തകളും അനിവാര്യമാണെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഹൈക്കു കവിതകളുടെ സമാഹാരത്തിന്റെ പ്രകാശനം പായിപ്ര രാധാകൃഷ്ണന്‍ രാജീവ് ആലുങ്കലിന് നല്‍കി നിര്‍വ്വഹിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് മോഹന്‍ദാസ് സൂര്യനാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. മികച്ച ബാലനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ആകാശ് രാജ് ചടങ്ങില്‍ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ജീമോള്‍ കെ. ജോര്‍ജ്, പ്രിന്‍സിപ്പല്‍ ബിജു കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

വായന സൗഭഗത്തോടനുബന്ധിച്ച് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംഘടിപ്പിച്ച മുഖപ്രസംഗ ആസ്വാദനക്കുറിപ്പ് മത്സരത്തില്‍ സമ്മാനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ യോഗത്തില്‍ വിതരണം ചെയ്തു. സ്‌കൂളിലെ ഹസ്താക്ഷരശേഖരം അതിഥികള്‍ സന്ദര്‍ശിച്ചു. രാജീവ് ആലുങ്കല്‍ എഴുതിയ നിലാവേ, നിലാവേ, നീ മയങ്ങല്ലേ എന്ന ഗാനം ജോഷ്മി ജോണ്‍സണ്‍ ആലപിച്ചു. പായിപ്ര രാധാകൃഷ്ണന് ജീമോള്‍ കെ. ജോര്‍ജും, രാജീവ് ആലുങ്കലിന് ബിജുകുമാറും, ആകാശ് രാജിന് മോഹന്‍ദാസ് സൂര്യനാരായണനും സ്‌കൂളിന്റെ ഉപഹാരങ്ങള്‍ സമ്മാനിച്ചു.

Back to top button
error: Content is protected !!