വേങ്ങൂർ ഐ.ടി.ഐ ; പുതിയ കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി

പെരുമ്പാവൂർ : അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി വേങ്ങൂർ ഐ.ടി.ഐക്ക് അനുവദിച്ച പുതിയ കെട്ടിടം നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. അഞ്ച് കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്. 2017 ജൂലൈയിൽ ഭരണാനുമതി ലഭ്യമായ പദ്ധതിയുടെ ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തീകരിച്ചത്. രണ്ടാം ഘട്ട കെട്ടിട നിർമ്മാണത്തിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതായും എംഎൽഎ പറഞ്ഞു.

2020 സെപ്റ്റംബറിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ അധ്യക്ഷതയിൽ അന്നത്തെ തൊഴിൽ വകുപ്പ് മന്ത്രി ടി.കെ രാമകൃഷ്ണനാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിച്ചത്. ആദ്യ ഘട്ടത്തിൽ തന്നെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തികരിക്കുന്നതിനാണ് 2017 ൽ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. എന്നാൽ നിർമ്മാണം ആരംഭിച്ച ഘട്ടത്തിൽ പരിശോധന നടത്തിയപ്പോൾ മണ്ണിന് ഉറപ്പ് കുറഞ്ഞ പ്രദേശമായതിനാൽ ചെലവ് കൂടിയ പൈൽ ഫൗണ്ടേഷൻ ഉൾപ്പെടുത്തി എസ്റ്റിമേറ്റ് പുതുക്കുകയായിരുന്നു. 230 പൈലുകൾ സ്ഥാപിച്ചാണ് ആദ്യ ഘട്ട നിർമ്മാണം പൂർത്തിയായത്.

12000 ചതുരശ്രയടി ചുറ്റളവിലാണ് കെട്ടിടം പൂർത്തീകരിച്ചത്. 4 വർക്ക് ഷോപ്പുകൾ, 2 ക്ലാസ് മുറികൾ, ഐ.ടി ലാബ്, ഓഫീസ് മുറി, പ്രിൻസിപ്പലിൻ്റെ മുറി, സ്റ്റാഫ് മുറി, അടുക്കള, സ്റ്റോർ എന്നിവ അടങ്ങുന്ന കെട്ടിടമാണ് പൂർത്തിയായത്. ഇലക്ട്രിക്കൽ, സിവിൽ, കമ്പ്യൂട്ടർ കോഴ്സുകളാ ണ് നിലവിൽ ഇവിടെ പഠിപ്പിക്കുന്നത്.

2010 ല്‍ രണ്ട് ട്രേഡുകളിൽ പരിശീലനം നൽകി ആരംഭിച്ച വേങ്ങൂര്‍ ഐ.ടി.ഐയില്‍ ഇപ്പോള്‍ മൂന്ന് ട്രേഡുകളിലായി 120 വിദ്യാർത്ഥികളും 18 അധ്യാപക, നോൺ അധ്യാപക തസ്തികകളും ഉണ്ട്. നെടുങ്ങപ്രയിലുള്ള വേങ്ങൂർ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലാണ് ഇപ്പോൾ ഐ.ടി.ഐ പ്രവർത്തിപ്പിക്കുന്നത്.

ഇലകട്രോണിക്സ്, ഫിറ്റർ, മെക്കാനിക്കൽ മോട്ടോർ വെഹിക്കിൾ, മെക്കാനിക്കൽ റഫ്രിജറേഷൻ എന്നിവക്കുള്ള വർക്ക് ഷോപ്പുകൾ കൂടി പുതിയ കെട്ടിടത്തിൽ നിർമ്മിച്ചിട്ടുണ്ട്. ഭാവിയിൽ അനുവദിക്കപ്പെടുന്ന കോഴ്സുകൾക്ക് കൂടി സൗകര്യപ്രദമായ രീതിയിലാണ് രണ്ട് ഘട്ടമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കിയത്. പൊതു മരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിൻ്റെതാണ് പദ്ധതിയുടെ രൂപരേഖയും എസ്റ്റിമേറ്റും.

രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് 8 കോടിയോളം രൂപ വേണ്ടി വരും. ഇത് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻക്കുട്ടിക്കും , ബഡ്ജറ്റിൽ ഉൾപ്പെടുത്തണമെന്ന് കാണിച്ച് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലിനും എൽദോസ് കുന്നപ്പിള്ളി എംഎൽഎ കത്ത് നൽകി. ഡിജിറ്റല്‍ ക്ലാസ് മുറികള്‍, ആധുനികരീതിയിലുള്ള വര്‍ക്ക്ഷോപ്പ്, ലൈബ്രറി, സെമിനാര്‍ ഹാള്‍, കളിസ്ഥലം, ഓഡിറ്റോറിയം, ഗ്രീന്‍ കാമ്പസ് തുടങ്ങിയ സൗകര്യങ്ങൾ അടുത്ത ഘട്ടത്തിൽ ഉൾക്കൊള്ളിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു.

Back to top button
error: Content is protected !!