വാരപ്പെട്ടിയിലെ മാവേലി സ്റ്റോർ സൂപ്പർ മാവേലി സ്റ്റോർ ആക്കി മാറ്റുന്നതിനുള്ള നടപടികൾ ത്വരിതഗതിയിൽ:- മന്ത്രി പി. തിലോത്തമൻ.

 

മൂവാറ്റുപുഴ: കോതമംഗലം മണ്ഡലത്തിലെ വാരപ്പെട്ടി മാവേലി സ്റ്റോർ സൂപ്പർ മാവേലി സ്റ്റോർ ആയി മാറ്റുന്നതിന് ആവശ്യമായ നടപടികൾ ത്വരിതപ്പെടുത്തിയതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ നിയമസഭയിൽ വ്യക്തമാക്കി. വാരപ്പെട്ടി പഞ്ചായത്തിൽ നിലവിലുള്ള മാവേലി സ്റ്റോറിലെ സ്ഥല പരിമിതി മൂലം ഉപഭോക്താക്കൾ നേരിടുന്ന പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി നിലവിലുള്ള മാവേലി സ്റ്റോർ കൂടുതൽ സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റി സൂപ്പർ മാർക്കറ്റ് ആയി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എം.എൽ.എ. ഉന്നയിച്ച നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മാവേലി സ്റ്റോർ സൂപ്പർ മാർക്കറ്റ് ആയി ഉയർത്തിയാൽ വാരപ്പെട്ടി പഞ്ചായത്തിനു പുറമേ സമീപ പഞ്ചായത്തുകളായ ആയവന,
പല്ലാരിമംഗലം എന്നിവിടങ്ങളിലേയും,
കോതമംഗലം മുൻസിപ്പാലിറ്റിയിലേയും ആളുകൾക്കും കൂടി ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും എം.എൽ.എ. ചൂണ്ടിക്കാട്ടി. വാരപ്പെട്ടി മാവേലി സ്റ്റോർ സൂപ്പർ മാർക്കറ്റായി ഉയർത്തുന്നതിനുള്ള പ്രൊപ്പോസൽ പരിശോധിച്ചതിൽ സപ്ലൈകോയുടെ നിലവിലെ ബി.ഇ.പി. (ബ്രേക്ക്‌ ഇവൻ പോയിന്റ്) മാനദണ്ഡങ്ങൾ അനുസരിച്ച് ഇതിനായി നിർദ്ദേശിച്ച കെട്ടിടത്തിൻ്റെ വിസ്തീർണ്ണത്തിന് (2186 ചതുരശ്ര അടി) ആനുപാതികമായി പ്രതിമാസം കുറഞ്ഞത് 25 ലക്ഷം രൂപയുടെ കച്ചവടം ലഭിക്കേണ്ടതാണ്. എന്നാൽ നിർദ്ദിഷ്ട കെട്ടിടത്തിൽ 12.75 ലക്ഷം പ്രതിമാസ വിൽപ്പനയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിനാൽ പ്രതിമാസം പ്രതീക്ഷിക്കുന്ന വിൽപ്പനയ്ക്കാനുപാതികമായിട്ടുള്ള തറ വിസ്തീർണ്ണമുള്ള കെട്ടിടം കണ്ടെത്തി മാവേലി സൂപ്പർ സ്റ്റോർ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ നടപടികൾ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ ആന്റണി ജോൺ എം.എൽ.എ. യെ നിയമ സഭയിൽ അറിയിച്ചു.

Back to top button
error: Content is protected !!