വാരപ്പെട്ടി സിഎച്ച്‌സി: ഒരു കോടി എഴുപത്തി ഒന്‍പത് ലക്ഷം രൂപ മുടക്കി പുതിയ ഐസൊലേഷന്‍ ബ്ലോക്ക്

കോതമംഗലം : കോതമംഗലം മണ്ഡലത്തില്‍ വാരപ്പെട്ടി സി എച്ച് സി യില്‍ ഒരു കോടി എഴുപത്തി ഒന്‍പത് ലക്ഷം രൂപ മുടക്കി പുതിയ ഐസൊലേഷന്‍ ബ്ലോക്ക് നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് ആന്റണി ജോണ്‍ എം എല്‍ എ. കോവിഡ് മഹാമാരിക്കൊപ്പം തന്നെ മറ്റ് പകര്‍ച്ച വ്യാധികളും മൂലം ഐസൊലേഷന്‍ ആവശ്യമായി വരുന്നവര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കുന്നതിനായിട്ടാണ് പുതിയ ഐസൊലേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്നത്.ഇതിന്റെ ഭാഗമായി ഐസൊലേഷന്‍ ആവശ്യമായി വരുന്ന രോഗികള്‍ക്ക് മറ്റ് രോഗികളുമായി സമ്പര്‍ക്കം വരാതെ ചികിത്സാ സൗകര്യമൊരുക്കും.പത്ത് ബെഡ്ഡുകള്‍ ഉള്ള ഐ സി യു സൗകര്യമുള്ള ഐസൊലേഷന്‍ വാര്‍ഡ് ഉള്‍പ്പെടുന്ന ബ്ലോക്കാണ് നിര്‍മ്മിക്കുന്നത്.ഡോക്ടേഴ്‌സ് റൂം,നഴ്‌സസ് റൂം,എമര്‍ജന്‍സി പ്രൊസീജര്‍ റൂം,മെഡിക്കല്‍ ഗ്യാസ് സ്റ്റോറേജ് ആന്റ് കണ്‍ട്രോള്‍,ഓവര്‍ ഹെഡ് വാട്ടര്‍ ടാങ്ക്,ഡീസല്‍ ജനറേറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇതിന്റെ ഭാഗമായി ഒരുക്കും.പുതുതായി നിര്‍മ്മിക്കുന്ന ഐസൊലേഷന്‍ ബ്ലോക്കില്‍ ചികിത്സ സൗകര്യത്തിനായി പ്രത്യേക ഉപകരണ സംവിധാനങ്ങളും ഇതോടൊപ്പം തയ്യാറാക്കും.നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുതിയ ബ്ലോക്ക് നിര്‍മ്മിക്കുന്ന ഭാഗത്തെ പഴയ കെട്ടിടം പൊളിക്കുകയും,വൃക്ഷങ്ങള്‍ മുറിച്ച് മാറ്റുകയും ചെയ്തിട്ടുണ്ട്.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആരംഭിക്കുമെന്നും എം എല്‍ എ അറിയിച്ചു.

 

 

Back to top button
error: Content is protected !!