വണ്ണപ്പുറം കമ്പകക്കാനം റോഡിൽ സ്വകാര്യ ബസ് മറിഞ്ഞ് 12 പേർക്ക് പരിക്ക്.

 

മൂവാറ്റുപുഴ: വണ്ണപ്പുറം കമ്പക്കാനം റോഡിൽ സ്വകാര്യ ബസ് മറിഞ്ഞ് 12 പേർക്ക് പരിക്ക്. വണ്ണപ്പുറം കാളിയാർ തൊടുപുഴ റൂട്ടിലോടുന്ന ചിന്നൂസ് ബസ് ആണ് അപകടത്തിൽപെട്ടത്. ചേലച്ചുവടുനിന്നും തൊടുപുഴയിലേക്ക് വരികയായിരുന്ന ബസ് കമ്പക്കാനത്തെ ഇറക്കം ഇറങ്ങുന്നിടത്തെ എസ് വളവിൽ വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

തിങ്കളാഴ്ച വൈകട്ട് 4.30 ഓടെയായിരുന്നു സംഭവം. കാളിയാർ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനത്തിലൂടെ പരിക്കേറ്റ ആളുകളെ ആംബുലൻസിലും മറ്റു വാഹനങ്ങളുമായി ആശുപത്രിയിലെത്തിച്ചു.ബസിൽ 24 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മുതലക്കുടം, തൊടുപുഴ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലയാണ് പരിക്കേറ്റവരെ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. കൊച്ചിരിപ്പാറ അജിത, പാറേക്കുന്നേല്‍ ഓമന, കോലാനി സ്വദേശിനി ബീന, മുണ്ടന്‍മുടി മാട്ടുമ്മേല്‍ അഗസ്റ്റിന്‍, കാളിയാര്‍ പാറേക്കുന്നേല്‍ അരുണ്‍ കുമാര്‍, വണ്ണപ്പുറം ചിരപ്പറമ്പില്‍ ജാന്‍സി, കാളിയാര്‍ കാഞ്ഞിരമലയില്‍ സിസിലി തോമസ്, നാല്‍പതേക്കര്‍ ചിറയില്‍ ഉമാശങ്കരി, ഡാലിയ പനയ്ക്കല്‍, ജൂഡി ജോണ്‍സന്‍, അംബിക പി.എന്‍ പുത്തന്‍പുരയില്‍ മൂലമറ്റം, തൊമ്മന്‍കുത്ത് ഐക്കരകുന്നേല്‍ സജി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

അപകടത്തെ തുടർന്ന് രണ്ടു മണിക്കൂറോളം ഈ പ്രദേശത്തെ ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ അപകടത്തിൽപ്പെട്ട ബസ് ജെ.സി.ബി. ഉപയോഗിച്ച് റോഡരികിലേക്ക് മാറ്റിയതിനു ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. ആലപ്പുഴ മധുര സംസ്ഥാനപാതയുടെ ഭാഗമായ ഈ റോഡിന് വീതി കുറവാണ്. അതിനാൽ തന്നെ അപകട വളവുകളും കുത്തനെയുള്ള കയറ്റങ്ങളും നിറഞ്ഞ റോഡിൽ അപകടങ്ങൾ പതിവായിരിക്കുകയാണ്.

 

 

 

Back to top button
error: Content is protected !!