വണ്ണപ്പുറം കള്ളിപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

 

മൂവാറ്റുപുഴ: വണ്ണപ്പുറം കള്ളിപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂവാറ്റുപുഴ ഐരാപുരം സ്വദേശികളായ പോക്കാട്ട് ബാബു, ഭാര്യ ഗ്രേസി, മകൻ എൽബിൻ, മരുമകൾ ഗ്രീഷ്മ, ഇവരുടെ കുട്ടി എമിൽ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
വ്യാഴാഴ്ച രാവിലെ ആലുവ – മധുര സംസ്ഥാനപാതയിൽ വണ്ണപ്പുറം കള്ളിപ്പാറയിലാണ് അപകടം നടന്നത്. മൂവാറ്റുപുഴയിൽ നിന്ന് തേക്കടിയിലേക്ക് പോവുകയായിരുന്ന 5 അംഗ കുടുംബം സഞ്ചരിച്ചിരുന്ന കാറിന്റെ അടിഭാഗത്തു നിന്നും പുക ഉയരുന്നത് പുറകിൽ വന്നിരുന്ന വാഹനത്തിലെ ആളുകൾ കാണുകയും തുടർന്ന് വാഹനത്തിൽ ഉള്ളവരെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് കാർ നിർത്തി എല്ലാവരും വാഹനത്തിനുള്ളിൽ നിന്നും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. കാളിയാർ പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴ അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. വണ്ണപ്പുറം – ചേലച്ചുവട് റോഡിലെ കുത്തനെയുള്ള കയറ്റം കയറാൻ ബുദ്ധിമുട്ടിയ അഗ്നിശമനസേനയുടെ വാഹനം നാട്ടുകാർ പിന്നിൽനിന്ന് ഊട് വച്ചാണ് കയറ്റം കയറിയത്. കാറിലുണ്ടായിരുന്ന വസ്തുക്കളെല്ലാം പൂർണ്ണമായും കത്തി നശിച്ചു. അഗ്നിശമനസേന തീ അണച്ചതിനുശേഷം റോഡിൽ വീണ ഡീസൽ കഴുകി വൃത്തിയാക്കി. ഒരു മണിക്കൂറോളം ഈ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

Back to top button
error: Content is protected !!