മൂല്യവര്‍ദ്ധിത ഉല്‍പന്ന കേന്ദ്രം വ്യവസായ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു.

 

മൂവാറ്റുപുഴ: വാരപ്പെട്ടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ ആരംഭിച്ച
മൂല്യവര്‍ദ്ധിത ഉല്‍പന്ന കേന്ദ്രം വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. മൈലൂര്‍ പ്ലാന്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു.
കേരളത്തിലെ സഹകരണ മേഖലയെ പണമിടപാട് സ്ഥാപനങ്ങള്‍ എന്നതിലുപരി പുതിയ തൊഴില്‍ ശാലകളാക്കി മാറ്റുമെന്നും കാര്‍ഷിക മേഖലയില്‍ കൃഷിക്കാര്‍ ഉല്‍പാദിപ്പിക്കുന്ന വിളകളെ മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റാന്‍ വ്യവസായ വകുപ്പുമായി ചേര്‍ന്നുകൊണ്ട് പുതിയ പദ്ധതികള്‍ തുടങ്ങുമെന്നും വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. ചക്ക, ചക്കപ്പഴം, ഏത്തക്കായ, ഏത്തപ്പഴം, പൈനാപ്പിള്‍, കപ്പ തുടങ്ങിയ ഉല്‍പന്നങ്ങളെ ഉണക്കി കയറ്റുമതി ലക്ഷ്യം വെച്ചുകൊണ്ട് ആരംഭിച്ചിട്ടുള്ള പുതിയ വ്യവസായ യൂണിറ്റ് കേരളത്തിന് മാതൃകയാണെന്ന് ചടങ്ങില്‍ ഓണ്‍ലൈനില്‍ അധ്യക്ഷത വഹിച്ച സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ബാങ്ക് പ്രസിഡന്റ് എം.ജി. രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഡ്രൈയിംഗ് ഉല്‍പന്ന യൂണിറ്റ്, സോഫ്റ്റ് ഡ്രിംഗസ് ഉല്‍പന്ന യൂണിറ്റ് എന്നിവ വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വിദേശത്തേക്കുള്ള കയറ്റുമതിയുടെ ഫ്‌ലാഗ് ഓഫ് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ സജീവ് കെ. കര്‍ത്ത നിര്‍വ്വഹിച്ചു. കേരള ബാങ്കിന്റെ ആദ്യവായ്പ സോണല്‍ മാനേജര്‍ ഡോ.അനില്‍ കുമാര്‍ വിതരണം ചെയ്തു. സി.പി.ഐ.എം. ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡയാന നോബി, വാര്‍ഡ് മെമ്പര്‍ സി.കെ. അബ്ദുല്‍ നൂര്‍, നിര്‍മല മോഹനന്‍, കെ.സി. അയ്യപ്പന്‍, എം.കെ. മനോജ് കുമാര്‍, എം.സി. ചെറിയാന്‍, റോയി സ്‌കറിയ, ടി.ആര്‍. സുനില്‍, കെ.വി. സുധീര്‍, കെ.കെ. സജീവ്, ആന്റണി കണ്ടിരിക്കില്‍ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് എം.പി. വര്‍ഗീസ് നന്ദി പറഞ്ഞു. ചടങ്ങില്‍ ജില്ലയിലെ മികച്ച കൃഷി ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട എം. എന്‍. രാജേന്ദ്രനെ മന്ത്രി ഇ.പി. ജയരാജന്‍ ആദരിച്ചു.

ഫോട്ടോ :മൈലൂരില്‍ സ്ഥാപിച്ച പ്ലാന്റ്

മൂല്യവര്‍ദ്ധിത ഉല്‍പന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കുന്നു

Back to top button
error: Content is protected !!