വളയൻചിറങ്ങര സ്‌കൂളിൽ പുതിയ അക്കാദമിക്ക് ബ്ലോക്ക് നാടിന് സമർപ്പിച്ചു.

 

മൂവാറ്റുപുഴ: പെരുമ്പാവൂർ വളയൻചിറങ്ങര ഗവ. എൽ.പി. സ്‌കൂളിൽ അനുവദിച്ച പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെയും ആധുനിക ഫർണ്ണിച്ചറുകളുടെയും
ഉദ്‌ഘാടനം അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. നിർവ്വഹിച്ചു. എം.എൽ.എ. ഫണ്ടിൽ നിന്നും അനുവദിച്ച 66 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽ ആണ് നിർമ്മാണ മേൽനോട്ടം നിർവ്വഹിച്ചത്. സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച ലോവർ പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണ് വളയൻചിറങ്ങര സ്കൂൾ. പ്രി പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഏകദേശം എഴുന്നൂറോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. മൂവായിരം ചതുരശ്രയടി ചുറ്റളവിൽ രണ്ട് നിലകളിലുള്ള അഞ്ച് ക്ലാസ് മുറികൾ അടങ്ങുന്ന കെട്ടിടമാണ് ഇത്. ഈ ക്ലാസുകളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ 235 ആധുനിക ഫർണ്ണിച്ചറുകളും ഇതോടൊപ്പം നൽകി. ഇത് കൂടാതെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി അനുവദിച്ച 1.08 കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. അയ്യായിരത്തിനാനൂറ് ചതുരശ്രയടി ചുറ്റളവിൽ മൂന്ന് നിലകളിലുള്ള കെട്ടിടമാണ് ഇവിടെ നിർമ്മിക്കുന്നത്. ആറ് ക്ലാസ് മുറികളും വിദ്യാർത്ഥികൾക്ക് ആനുപാതികമായി ശുചിമുറികളും പുതിയ കെട്ടിടത്തിൽ ഉണ്ടാകും. മണ്ഡലത്തിൽ 15 വിദ്യാലയങ്ങൾക്കായി 17 അക്കാദമിക്ക് ബ്ലോക്കുകൾ അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. പറഞ്ഞു. 20.36 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. 42.30 ലക്ഷം രൂപ ചെലവിൽ മണ്ഡലത്തിലെ 9 വിദ്യാലയങ്ങൾക്ക് 1387 ആധുനിക ഫർണ്ണിച്ചറുകളും നൽകി. ഐമുറി, പൂണൂർ, കൂവപ്പടി എന്നീ സർക്കാർ വിദ്യാലയങ്ങൾക്കും പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അശ്വതി രതീഷ്, വാർഡ് അംഗം ലക്ഷ്മി റെജി, അസി. വിദ്യാഭ്യാസ ഓഫീസർ വി. രമ, ജി. ആനന്ദകുമാർ, കെ. അശോകൻ, സി. ജയകൃഷ്ണൻ, സൗമ്യ പ്രദീപ്, കെ.പി. സുമ, ടി.എം. കുര്യാക്കോസ്, എൻ.ആർ. രാജൻ, ജോസ് പി.എ., എം.പി. ജോർജ്ജ് എന്നിവർ സംസാരിച്ചു.

Back to top button
error: Content is protected !!