നഗര വികസനം വേഗത്തിലാക്കും: എംഎല്‍എയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു

മൂവാറ്റുപുഴ: നഗര വികസന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനം. കിഫ്ബിയുടേയും കെആര്‍എഫ്ബിയുടേയും മാര്‍ഗ നിര്‍ദേശ പ്രകാര അതിവേഗം നിര്‍മാണം പൂര്‍ത്തിയാക്കും. കെ.എസ്.ഇ.ബിയുടെ ആവശ്യമായ മുഴുവന്‍ പോസ്റ്റുകളും നീക്കം ചെയ്യും. സയാഹ്ന ജംഗ്ഷനില്‍ റോഡിലെ പോസ്റ്റുകള്‍ ഒഴിവാക്കിയ സ്ഥലങ്ങളില്‍ വാഹനം കടന്നുപോകാന്‍ ആവശ്യമായ സജീകരണങ്ങള്‍ ഒരുക്കും. നഗരത്തിലെ പുറന്‌പോക്കുകള്‍ ഒഴിപ്പിക്കാനായി നോട്ടീസ് നല്‍കാനും എംഎല്‍എ തഹസീല്‍ദാരെ ചുമതലപ്പെടുത്തി. നിര്‍മ്മാണ കമ്പനിയുടെ സംശയങ്ങള്‍ സംമ്പന്ധിച്ച തര്‍ക്കങ്ങളും യോഗത്തിലാണ് പരിഹരിച്ചത്. കെ.ആര്‍.എഫ്.ബി നിര്‍ദേശപ്രകാരം അതിവേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് കരാര്‍ കമ്പനി യോഗത്തില്‍ ഉറപ്പ് നല്‍കി. കള്‍വെട്ടുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോലിസുമായി ആലോചിച്ച് ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷമാവും നിര്‍മ്മാണം ആരംഭിക്കുക. കെആര്‍എഫ്ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മിനി മാത്യു, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. സുനില്‍, ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രതീഷ് കുമാര്‍, കരാറുകാരുടെ പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.