അജ്ഞാത ജീവി ആക്രമണം: വനംവകുപ്പ് ക്യാമറയില്‍ സംശയാസ്പദമായി ഒന്നും ഇല്ല

വാഴക്കുളം: മണിയന്തടത്ത് ആക്രമണം നടത്തുന്ന അജ്ഞാത ജീവിയെ കണ്ടെത്താന്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ സംശയാസ്പദമായ ദൃശ്യമൊന്നും ലഭിച്ചില്ല. പുലിയുടെയോ പുലിയെന്നു സംശയിക്കാവുന്ന വിദൂര ദൃശ്യമോ തെളിവായി ലഭിച്ചെങ്കിലേ പുലിക്കൂട് സ്ഥാപിക്കാന്‍ അനുമതി കിട്ടൂ. ഏതാനും ദിവസങ്ങള്‍ക്കു ശേഷം മറ്റു സ്ഥലങ്ങളിലേയ്ക്ക് കാമറ മാറ്റി സ്ഥാപിച്ചും ദൃശ്യങ്ങള്‍ ലഭിക്കുമോയെന്നും വനം വകുപ്പ് പരിശോധിക്കും. അതേസമയം കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്തൊരിടത്തും അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുമില്ല. എങ്കിലും പ്രദേശത്തുകാര്‍ കനത്ത ജാഗ്രതയില്‍ തന്നെ തുടരണമെന്നാണ് നിര്‍ദേശമുള്ളത്.

ഇതിനിടയില്‍ സമൂഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണവും നടക്കുന്നുണ്ട്. മണിയന്തടം,വേങ്ങച്ചുവട് പ്രദേശങ്ങള്‍ക്കു ചുറ്റുമുള്ള സ്ഥലങ്ങളില്‍ പുലിയെ കണ്ടെന്ന വ്യാജ പ്രചരണമാണുള്ളത്.ആള്‍ താമസം കുറവുള്ള പ്രദേശങ്ങളില്‍ പുലിയെ കണ്ടുവെന്ന് വിശ്വസിക്കത്തക്കവിധത്തിലാണ് പ്രചരണം. ക്യാമറ ദൃശ്യങ്ങളില്‍ കാണപ്പെടുന്നതു പോലെ പുലിയുടെ ചിത്രം വ്യാജമായി ചേര്‍ത്താണ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്.
ഇത്തരം അടിസ്ഥാന രഹിതമായ വ്യാജ പ്രചരണങ്ങള്‍ നടത്തി പ്രദേശ വാസികള്‍ക്കിടയില്‍ ഭീതി പരത്തുന്നത് കരുതിയിരിക്കണമെന്നും വ്യാജ പ്രചരണങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്.

 

Back to top button
error: Content is protected !!