പായിപ്ര പഞ്ചായത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികളുടെ സമഗ്ര വികാസം: ഉണര്‍വ് സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം

പായിപ്ര: പായിപ്ര പഞ്ചായത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികളുടെ സമഗ്ര വികാസം ലക്ഷ്യമാക്കിയുള്ള ഉണര്‍വ് സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി സ്‌കോളര്‍ഷിപ്പ് പരിശീലനം, വായന പരിപോഷിപ്പിക്കുന്നതിനായി പുസ്തകച്ചുമര്‍ പദ്ധതി, ഇംഗ്ലീഷ് ഫെസ്റ്റ്, ശാസ്ത്ര യാത്ര, സ്‌കൂള്‍ പത്രം തയ്യാറാക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിഇ നാസര്‍ ഗണിതലാബിലേക്കുള്ള ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും ഗണിതലാബ് സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ഗണിത ശാസ്ത്ര റിസോഴ്സ് പേഴ്സണും മലപ്പുറം വെട്ടം എഎം യുപി സ്‌കൂള്‍ അധ്യാപകനുമായ പിപി അബ്ദുല്‍ റഷീദ് പഠനോപകരണ നിര്‍മ്മാണ ശില്പശാലക്ക് നേതൃത്വം നല്‍കി. തൃക്കളത്തൂര്‍ എല്‍പി ബോയ്സ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ഗിരി ശങ്കര്‍ ഒരുക്കിയ കലാരൂപങ്ങളടങ്ങിയ ചിത്രങ്ങളുടെ പ്രദര്‍ശനവും ചടങ്ങില്‍ നടത്തി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എംസി വിനയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി അനില്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗങ്ങളായ എല്‍ജി റോയി, നൗഷാദ് എംഎ, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പിഎ സലിം,പിടിഎ പ്രസിഡന്റ് പ്രജീഷ് രാജ്, ഹെഡ് മാസ്റ്റര്‍മാരായ റഹീമ ബീവി വിഎ, ഐഷ ഹസ്സന്‍, സുബൈദ എംഎച്ച്, പ്രസന്നകുമാരി, അധ്യാപകനായ കെഎം നൗഫല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

 

Back to top button
error: Content is protected !!