അജ്ഞാത ജീവി ആക്രമണം; മണിയന്തടത്ത് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു

വാഴക്കുളം: അജ്ഞാത ജീവിയുടെ ആക്രമണമുണ്ടായ മണിയന്തടത്ത് സുരക്ഷാ നടപടികളുടെ പ്രാരംഭമായി വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. ആലയ്ക്കല്‍ സോനയുടെ ആടിനെ കടിച്ചു കൊന്നിട്ട സ്ഥലത്തും ആട്ടിന്‍ കൂടിനു സമീപവുമായി രണ്ടു ക്യാമറകളാണ് സ്ഥാപിച്ചത്. അജ്ഞാത ജീവിയുടെ കാല്‍പ്പാദത്തിന്റെ അടയാളം ശേഖരിക്കാനായി കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്ന പ്ലാസ്റ്റര്‍ ഓഫ് പാരീസ് മോള്‍ഡ് തിരികെ എടുത്ത് പരിശോധിക്കുകയും ചെയ്തു. പുലിവര്‍ഗത്തില്‍പ്പെട്ട ജീവികളുടെ കാലടയാളമാണെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധന നടത്തിയിട്ടേ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനാവൂ. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കു ശേഷം ക്യാമറ തിരികെ എടുത്ത് വന്യ ജീവികളെന്തെങ്കിലും പ്രദേശത്ത് എത്തിയോയെന്ന് പരിശോധിക്കും. ഇതിനിടയില്‍ ആടിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ജീവിയുടെ കാലടയാളത്തിന്റെ വിദഗ്ദ്ധാഭിപ്രായവും ലഭിക്കും. അജ്ഞാത ജീവി എത്തിയെന്നു സംശയിക്കുന്ന വേങ്ങച്ചുവട്ടിലെ വീടിനു സമീപത്തു നിന്ന് പ്രത്യേക അടയാളമൊന്നും ലഭിച്ചിട്ടില്ല. മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ 5,6 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന മണിയന്തടം, വേങ്ങച്ചുവട്,വടകോട് പ്രദേശത്ത് കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഇവിടെ രാത്രികാലങ്ങളിലെ യാത്ര പരമാവധി ഒഴിവാക്കണമെന്നും മണിയന്തടം മലമുകളിലേയ്ക്ക് വിനോദ സഞ്ചാരികള്‍ പോകുന്നത് ഒഴിവാക്കണമെന്നും പഞ്ചായത്തംഗങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.അജ്ഞാത ജീവിയുടെ സാന്നിധ്യം തോന്നിക്കുന്ന അസാധാരണമായതെന്തെങ്കിലും സമീപ പ്രദേശങ്ങളിലുണ്ടാകുന്നുണ്ടോ എന്ന ജാഗ്രതാ നിരീക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച അജ്ഞാത ജീവി വീട്ടിലെത്തിയ വാഴേപ്പറമ്പില്‍ സുലോചന മാത്രമാണ് ഇതുവരെ നേരിട്ട് കണ്ട് പുലിയാണെന്ന വിവരം അറിയിച്ചിട്ടുള്ളത്.രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് ഇവരുടെ വീട്ടില്‍ നിന്ന് ഏറെയകലെയല്ലാത്ത ആലയ്ക്കല്‍ സോനയുടെ വീട്ടിലെ ആടിനെ ആക്രമിച്ചു കൊലപ്പെടുത്തിയതും. പിറ്റേന്ന് രാവിലെയാണ് വേങ്ങച്ചുവട് വീട്ടുമുറ്റത്ത് അജ്ഞാത ജീവിയുടെ സാന്നിധ്യം സംശയിച്ചതും.

Back to top button
error: Content is protected !!