ആവോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ബിജു എം ജോസിന് വിജയം

ആവോലി: പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ബിജു എം ജോസിന് വിജയം. സിപിഐയുടെ 3-ാം വാര്‍ഡ് മെമ്പര്‍ ശശി കണ്ടോതിക്കെതിരെ 2 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജു എം ജോസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. യുഡിഎഫിലെ ജോര്‍ജ് തെക്കുംപുറം രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലെ ധാരണ പ്രകാരം ആദ്യ ഒരു വര്‍ഷം മുസ്ലീം ലീഗിലെ അഷ്റഫ് മൊയ്തീനും, പിന്നീടുള്ള രണ്ടുവര്‍ഷം കോണ്‍ഗ്രസിലെ ജോര്‍ജ് തെക്കുംപുറത്തിനും, ബാക്കിയുള്ള രണ്ടുവര്‍ഷക്കാലം കോണ്‍ഗ്രസിലെ തന്നെ ബിജു എം ജോസിനുമെന്നായിരുന്നു ധാരണ. തെരഞ്ഞെടുപ്പില്‍ സിപിഐയുടെ ശശി കണ്ടോതി 6 വോട്ടും കോണ്‍ഗ്രസിലെ ബിജു 8 വോട്ടുകളും നേടി. വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത ബിജു എം ജോസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആവോലി പഞ്ചായത്ത് ഓഫീസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോതമംഗലം സബ് രജിസ്ട്രാര്‍ വിനോദ് വരണാധികാരിയും, അസിസ്റ്റന്റ് സബ് രജിസ്ട്രാര്‍ അരുണ്‍ കുമാര്‍ സഹവരണാധികാരിയുമായിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെതുടര്‍ന്നാണ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാലുമാസം വൈകിയത്. 14അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന് 6, യുഡിഎഫിന 8 എന്നിങ്ങനാണ് കക്ഷിനില.

Back to top button
error: Content is protected !!