സംസ്ഥാനത്ത് ഇടത് കാറ്റ് ആഞ്ഞുവീശിയപ്പോഴും നഗരസഭയിലും,മറ്റ് ഒമ്പത് പഞ്ചായത്തിലും ലീഡ് നേടി യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴല്‍നാടന് പത്തരമാറ്റ് വിജയം.

 

മൂവാറ്റുപുഴ : സംസ്ഥാനത്താകെ ഇടത് കാറ്റ് ആഞ്ഞുവീശിയപ്പോഴും മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ 12 തദ്ദേശ സ്ഥാപനങ്ങളിൽ പത്തിടത്തും ലീഡ് നേടി യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴല്‍നാടന് പത്തരമാറ്റ് വിജയം. മണ്ഡലത്തിലെ പായിപ്രയും, പാലക്കുഴയും മാത്രമാണ് എല്‍ഡിഎഫിന് ലീഡ് നേടാനായത്. പായിപ്ര 488 വോട്ടുകള്‍ക്ക് എല്‍ദോ ഏബ്രഹാം മുന്നിട്ടു നിന്നപ്പോള്‍ 750 വോട്ടുകള്‍ ലീഡ് നല്‍കി പാലക്കുഴയും എല്‍ഡിഎഫിനെ പിന്തുണച്ചു. എന്നാല്‍ മറ്റ് പഞ്ചായത്തുകളും മൂവാറ്റുപുഴ നഗരസഭയും മാത്യുവിനെ പിന്തുണച്ചു. ആരക്കുഴയില്‍ നിന്നാണ് മാത്യുവിന് ഏറ്റവും വലിയ ഭൂരിപക്ഷം നേടാനായത്. ഇവിടെ 1553 വോട്ടുകള്‍ക്ക് മുന്നിട്ടു നിന്നപ്പോള്‍ തൊട്ടുപിന്നാലെ പൈങ്ങോട്ടൂരിലും 1354 വോട്ടിന്‍റെ ലീഡ് നേടാനായി. കൂടാതെ വാളകത്ത് 381, മൂവാറ്റുപുഴ നഗരസഭയില്‍ 681, ആയവനയില്‍ 434, പോത്താനിക്കാട് 774, കല്ലൂര്‍ക്കാട് 197, മഞ്ഞള്ളൂര്‍ 578, ആവോലി 838, മാറാടി 13. യുഡിഎഫ് കോട്ടയെന്നു വിശേഷിപ്പിക്കുന്ന മൂവാറ്റുപുഴ മണ്ഡലത്തില്‍ ട്വന്‍റി ട്വന്‍റിയുടെ സാന്നിദ്ധ്യം വിജയത്തെ ബാധിച്ചില്ലെങ്കിലും ഭൂരിപക്ഷം കുറച്ചു. കോണ്‍ഗ്രസിലെ ഇരു ഗ്രൂപ്പുകളെയും ഘടക കക്ഷികളെയും ഒപ്പംനിര്‍ത്താനായതും ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്നും ലഭിച്ച പിന്തുണയുമാണ് മറ്റ് ഘടകങ്ങളെ മറികടന്ന് വിജയത്തിലെത്താനായതെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍. സ്വന്തം തട്ടകമായ പായിപ്രയില്‍ എല്‍ദോയുടെ ഭൂരിപക്ഷം ഇക്കുറി കുത്തനേ കുറഞ്ഞു. കഴിഞ്ഞ തവണ 2900 ഉണ്ടായിരുന്ന ഭൂരിപക്ഷം ഇത്തവണ 488 ആയി ചുരുങ്ങിയതും എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായി.

Back to top button
error: Content is protected !!