നിരവധി മോഷണ കേസുകളിലെ പ്രതികളായ യുവാക്കള്‍ പിടിയില്‍

തൊടുപുഴ: നിരവധി മോഷണ കേസുകളിലെ പ്രതികളായ രണ്ടു യുവാക്കളെ തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തു. മൂവാറ്റുപുഴ സ്വദേശി ശരത്ത് (21), പട്ടയംകവല സ്വദേശി എബിന്‍ (19) എന്നിവരാണ് പിടിയിലായത്. ഇതില്‍ ശരത്ത് നിരവധി ബൈക്ക് മോഷണക്കേസുകളില്‍ പ്രതിയാണ്. ഏഴിന് ഇടപ്പള്ളി ലുലുമാളിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന യമഹ എഫ്.സി ബൈക്ക് ഇവര്‍ രണ്ട് പേരും ചേര്‍ന്ന് മോഷ്ടിക്കുകയായിരുന്നു. പിറ്റേന്ന് രാത്രി ഇതേ ബൈക്കില്‍ വരുന്നതിനിടെ കാളിയാറില്‍ നൈറ്റ് പട്രോളിങ് ടീം നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. ചോദ്യം ചെയ്യലില്‍ ജൂണ്‍ മാസത്തില്‍ കലൂര്‍ സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് പോലീസുകാരന്റെ ബൈക്ക് മോഷ്ടിച്ചതും ശരത്താണെന്ന് പോലീസിന് മൊഴി നല്‍കി. കാലടി സ്റ്റേഷനിലും ഇയാള്‍ക്കെതിരെ ബൈക്ക് മോഷണക്കേസുണ്ട്. റോയല്‍ എന്‍ഫീല്‍ഡ്, യമഹ എഫ്.സി തുടങ്ങിയ ആഡംബര ബൈക്കുകളാണ് ശരത്ത് സ്ഥിരമായി മോഷ്ടിക്കാറുള്ളതെന്ന് പോലീസ് പറഞ്ഞു. മോഷണശേഷം പാര്‍ടുസുകള്‍ വില്‍ക്കുകയോ ബൈക്ക് പൊളിച്ചു വില്‍ക്കുകയോ ആണ് ചെയ്യുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Back to top button
error: Content is protected !!