മൂവാറ്റുപുഴയില്‍ വന്‍ കഞ്ചാവ് വേട്ട; രണ്ട്‌ പേര്‍ പിടിയില്‍

മൂവാറ്റുപുഴ: മൂന്നര കിലോയോളം കഞ്ചാവുമായി യുവാക്കള്‍ മൂവാറ്റുപുഴയില്‍ പിടിയില്‍. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവിന്റ മൊത്തവ്യാപാരം നടത്തുന്ന ഇടുക്കി കാളിയാര്‍ സ്വദേശി കൊച്ചുവേലിക്കകത്ത് ലിബിന്‍ സെബാന്‍ (25), കടവൂര്‍ തൊട്ടിമറ്റത്തില്‍ എബിമോന്‍ (35) എന്നിവരാണ് മൂവാറ്റുപുഴ കെ.എസ് ആര്‍.ടി.സി ബസ്റ്റാന്‍ഡില്‍ നിന്നും പിടിയിലായത്. പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് ഡാന്‍സഫിന്റെ (ഡിസ്ട്രിക്ട് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ്) സഹകരണത്തോടെ നടത്തിയ പരിശോധനയില്‍ മൂവാറ്റുപുഴ പോലീസാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പിടികൂടാന്‍ കഴിഞ്ഞ മൂന്നു ദിവസമായി പോലീസ് സംഘം നടത്തിവന്ന ശ്രമത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നത്. ആന്ധ്രപ്രദേശില്‍ നിന്നും രണ്ടു ബാഗുകളിലായി ജില്ലയിലേയ്ക്ക് കഞ്ചാവ് എത്തിക്കാനായിരുന്നു പ്രതികളുടെ ശ്രമം. കഞ്ചാവുമായി പാലക്കാട് വരെ ട്രെയിനിലെത്തിയ ഇരുവരും കെഎസ്ആര്‍ടിസി ബസില്‍ മൂവാറ്റുപുഴയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ബസ്സ്റ്റാന്‍ഡില്‍ കാത്തു നിന്ന പോലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. മൂന്നര കിലോയോളം കഞ്ചാവും, ട്രെയിനിലും, ബസ്സിലും യാത്ര ചെയ്യുമ്പോള്‍ കഞ്ചാവിന്റെ ഗന്ധം തിരിച്ചറിയാതിരിക്കാന്‍ ഉപയോഗിച്ച ചന്ദനത്തിരി, പൗഡര്‍ അടക്കമുള്ള സാധനങ്ങളും പ്രതികളില്‍ നിന്നും പിടിച്ചെടുത്തു. കഞ്ചാവ് കടത്തിയതിന് ആന്ധ്ര ജയിലില്‍ ശിക്ഷ ലഭിച്ചിട്ടുള്ള ആളാണ് ലിബിന്‍ സെബാന്‍. നിരവധി ലഹരിമരുന്ന് കേസുകളില്‍ പ്രതിയാണ് എബിമോന്‍. ലഹരിവിരുദ്ധ സംഘമായ ഡാന്‍സാഫ് അംഗങ്ങള്‍ക്കൊപ്പം മൂവാറ്റുപുഴ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജേഷ് കെ.എന്‍, സബ് ഇന്‍സ്‌പെക്ടര്‍ മാഹിന്‍ സലീം, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ജയകുമാര്‍ സി.പി, രതീശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനസ് കെ, ഇബ്രാഹിം കുട്ടി, ബിബില്‍ മോഹന്‍, അജിനാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

 

Back to top button
error: Content is protected !!