കുന്നത്തുനാട് താലൂക്ക് അദാലത്ത്: പരിഗണിച്ചത് 296 പരാതികള്‍

പെരുമ്പാവൂര്‍ : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കുന്നത്തുനാട് താലൂക്ക് തലത്തില്‍ നടന്ന അദാലത്തില്‍ 296 പരാതികള്‍ പരിഗണിച്ചു. വ്യവസായ മന്ത്രി പി. രാജീവിന്റെയും കൃഷി മന്ത്രി പി. പ്രസാദിന്റെയും നേതൃത്വത്തില്‍ ഇഎംഎസ് ടൗണ്‍ ഹാളിലാണ് അദാലത്ത് നടന്നത്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട 183 പരാതികള്‍ മന്ത്രിമാര്‍ നേരിട്ട് പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്തു. 113 പരാതികള്‍ അപേക്ഷകര്‍ ഹാജരാകാത്തതിനാല്‍ തുടര്‍നടപടികള്‍ക്കായി മാറ്റിവെച്ചു. 114 അപേക്ഷകള്‍ അദാലത്ത് വേദിയില്‍ നേരിട്ട് സ്വീകരിക്കുകയും ചെയ്തു. അര്‍ഹതയുണ്ടായിട്ടും നിഷേധിക്കപ്പെട്ട മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍, ക്ഷേമപെന്‍ഷനുകള്‍, അതിര്‍ത്തി തര്‍ക്കം, വഴി തര്‍ക്കം,സ്വത്ത് തര്‍ക്കം, മരം മുറിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, റവന്യു റീസര്‍വേ, ഭൂമി പോക്കുവരവ് ചെയ്യല്‍, തണ്ടപ്പേര് മാറ്റല്‍, മാലിന്യസംസ്‌കരണം, വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍, കൃഷി നാശത്തിനുള്ള ധനസഹായം തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ചത്. പി.വി. ശ്രീനിജിന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍, സബ് കളക്ടര്‍ പി. വിഷ്ണു രാജ്, ഡെപ്യൂട്ടി കളക്ടര്‍ ബി. അനില്‍കുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ. അനില്‍കുമാര്‍ മേനോന്‍, കുന്നത്തുനാട് താലൂക്ക് തഹസില്‍ദാര്‍ ജോര്‍ജ് ജോസഫ് എന്നിവര്‍ അദാലത്തിന് മേല്‍നോട്ടം വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, തഹസില്‍ദാര്‍മാര്‍, റവന്യൂ ജീവനക്കാര്‍, പഞ്ചായത്ത് വകുപ്പ് ജീവനക്കാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!