ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന മണ്ണും കെട്ടിടാവശിഷ്ടങ്ങളും വീണ് നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു

മൂവാറ്റുപുഴ: കച്ചേരിത്താഴം പാലത്തില്‍ ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന മണ്ണും കെട്ടിടാവശിഷ്ടങ്ങളും വീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഗതാഗതക്കുരുക്ക് രൂക്ഷമായ നഗരത്തില്‍ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണു കച്ചേരിത്താഴം പാലത്തിലും നെഹ്‌റു പാര്‍ക്കിനു സമീപവും മണ്ണും കോണ്‍ക്രീറ്റ് ബീമിന്റെ ഭാഗങ്ങളും വീണത്. ഇതേ തുടര്‍ന്നു പാലത്തിലും നെഹ്‌റു പാര്‍ക്കിലും ഗതാഗതം തടസ്സപ്പട്ടതോടെ എംസി റോഡിലും കൊച്ചി ധനുഷ്‌കോടി പാതയിലും നഗരത്തിലെ ഇടറോഡുകളിലും ഗതാഗതക്കുരുക്ക് കൂക്ഷമായി. ആംബുലന്‍സുകളും മറ്റ് വാഹനങ്ങളും ഗതാഗതക്കുരുക്കില്‍ കുരുങ്ങി. നഗര റോഡ് വികസനത്തിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തു നിന്നുള്ള മണ്ണും കെട്ടിട അവശിഷ്ടങ്ങളും കയറ്റിപ്പോയ ലോറിയില്‍ നിന്നാണ് മണ്ണും മറ്റും റോഡിലേക്കു വീണത്. ആഴ്ചകളായി ഗതാഗതക്കുരുക്ക് രൂക്ഷമായ നഗരത്തില്‍ ഏറ്റവും തിരക്കേറിയ കച്ചേരിത്താഴം പാലത്തില്‍ മണ്ണും കെട്ടിട അവശിഷ്ടങ്ങളും വീണു ഗതാഗതം തടസ്സപ്പെട്ടതോടെ കുരുക്ക് മുറുകി. ഏറെ നേരത്തിനു ശേഷമാണു റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ എത്തി മണ്ണും കെട്ടിട അവശിഷ്ടങ്ങളും നീക്കിയത്. നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്നു എംഎല്‍എയുടെയും നഗരസഭ ചെയര്‍മാന്റെയും നേതൃത്വത്തില്‍ ഗതാഗത ഉപദേശക സമിതി ചേര്‍ന്നു എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയ ദിവസമാണു സംഭവം. ലോറിയുടെ ലോക്ക് അഴിഞ്ഞു മണ്ണും മറ്റും താഴെ വീണതാണെന്നാണു ലോറിയില്‍ ഉണ്ടായിരുന്നവരുടെ വിശദീകരണം.