ടൗൺ ബൈപ്പാസ് ; അടിസ്ഥാന സ്ഥല വില നിർണ്ണയം വേഗത്തിലാക്കും : എൽദോസ് കുന്നപ്പിള്ളി.

 

മൂവാറ്റുപുഴ: പെരുമ്പാവൂർ ടൗൺ ബൈപ്പാസിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുള്ള നടപടികൾക്ക് അന്തിമ രൂപം നൽകിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അറിയിച്ചു. ബൈപ്പാസിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി എം.എൽ.എ. വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ചു ധാരണയായത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാൽ കഴിഞ്ഞ ഒന്നര മാസമായി നടപടിക്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുവാൻ സാധിച്ചിരുന്നില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാന സ്ഥല വില നിർണ്ണയം ഉടൻ തന്നെ പൂർത്തീകരിക്കും. ഇതിനായി പദ്ധതി പ്രദേശം സന്ദർശിച്ചു വേഗത്തിൽ റിപ്പോർട്ട് തയ്യാറാക്കും. ജനുവരി അവസാനത്തോടെ സ്ഥല വില നിർണ്ണയിക്കുന്ന നടപടികൾ പൂർത്തിയാക്കി പദ്ധതിയുടെ ഡ്രാഫ്റ്റ് പ്രഖ്യാപനത്തിലേക്ക് കടക്കുമെന്ന് എം.എൽ.എ. പറഞ്ഞു. പുനരധിവാസ പാക്കേജിന്റെ നടപടികളും ഇതിനൊപ്പം പൂർത്തീകരിക്കും. പദ്ധതിയുടെ സർവ്വേ നടപടികൾ ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു. ബ്ലോക്ക് 117 ന്റെ സർവ്വേ റിക്കോർഡ് മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇതും രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കും. കെട്ടിടങ്ങളുടെ വില നിർണ്ണയം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ഭൂമി ഏറ്റെടുക്കൽ വിഭാഗം തഹസിൽദാർക്ക് ഈ മാസം തന്നെ സമർപ്പിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് എം.എൽ.എ. നിർദ്ദേശിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചു ജനുവരിയിൽ ജില്ല ഭരണകൂടത്തിന് കൈമാറും. ടൗൺ ബൈപ്പാസിന്റെ രണ്ടാം ഘട്ടം സംബന്ധിച്ച പദ്ധതി രേഖയിൽ ആവശ്യമായി വന്ന തിരുത്തലുകൾ വരുത്തി രണ്ടാഴ്ചക്കുള്ളിൽ സമർപ്പിക്കുമെന്ന് എം.എൽ.എ. പറഞ്ഞു. ഇതിനുള്ള നടപടികൾ എത്രയും വേഗത്തിൽ പൂർത്തീകരിക്കുവാൻ പദ്ധതിയുടെ വിശദമായ രേഖ തയ്യാറാക്കുന്ന കിറ്റ്കോ അധികൃതർക്ക് എം.എൽ.എ നിർദ്ദേശം നൽകി. പെരുമ്പാവൂർ ബൈപാസിനായി 133. 24 കോടി രൂപയുടെ അനുമതിയാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് ( കിഫ്ബി ) നൽകിയിട്ടുള്ളത്. എന്നാൽ രണ്ടാം ഘട്ടതിനായി മാത്രം 170.53 കോടി രൂപ പദ്ധതി എസ്റ്റിമേറ്റ് പ്രകാരം ആവശ്യമായി വരും. സ്ഥലം ഏറ്റെടുക്കുന്നതിനും നിർമ്മാണത്തിനുമുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. രണ്ടാം ഘട്ട പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് കിഫ്ബിയിൽ സമർപ്പിച്ചു. ഇതോടെ ബൈപ്പാസ് രണ്ട് ഘട്ടങ്ങളിലായി പൂർത്തീകരിക്കുന്നതിനുള്ള ചെലവ് 200 കോടി കടക്കും. പെരുമ്പാവൂർ, വെങ്ങോല, മാറമ്പിള്ളി വില്ലേജുകളിലാണ് പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത്. രണ്ട് വരി പാതയായി നിർമ്മാണം പൂർത്തീകരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മരുത് കവലയിൽ നിന്ന് തുടങ്ങി എം.സി. റോഡ്, പി.പി. റോഡ് എന്നിവ കടന്ന് പാലക്കാട്ട് താഴത്ത് അവസാനിക്കുന്ന വിധത്തിൽ രണ്ട് ഘട്ടങ്ങളായാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പെരുമ്പാവൂർ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ഈ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത് കിറ്റ്‌കോയാണ്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. യോഗത്തിൽ അധ്യക്ഷത വഹിച്ചു. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ ഡെപ്യൂട്ടി കളക്ടർ പി. രാജൻ,
തഹസിൽദാർമാരായ സീനത്ത് എം.എസ്., എം.സി. ജ്യോതി, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ കെ.പി. സന്തോഷ്, അസിസ്റ്റന്റ് എൻജിനിയർ അരുൺ എം.എസ്., റോയി ജോൺ, ഡി. സുദർശന ഭായി, പി.കെ. സുശീല, സജീല എം.എം., നിഷ ജി., ഷെറിൻ സി. ജോസ് എന്നിവർ സംബന്ധിച്ചു.

Back to top button
error: Content is protected !!