വാരപ്പെട്ടി പഞ്ചായത്തിലെ ടിപ്പര്‍ തൊഴിലാളികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തില്‍ ടിപ്പര്‍ മേഖലയിലെ തൊഴിലാളികള്‍ പ്ലെയ് വുഡ് കമ്പനിക്കാരുടെ തൊഴില്‍ നിഷേധത്തിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്ലെയ് വുഡ് കമ്പനികളിലെ കയറ്റി ഇറക്ക് തൊഴില്‍ ചെയ്യുവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സി ഐ റ്റി യു, ഐ എന്‍ റ്റി യു സി, എസ് റ്റി യു യൂണിയനുകള്‍ സംയുക്തമായാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കഴിഞ്ഞ ഒരു മാസമായി ഈ ആവശ്യമുന്നയിച്ചു യൂണിനുകള്‍ സംയുക്തമായി സമര രംഗത്തുണ്ട്. എന്നാല്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കുവാന്‍ കമ്പനി ഉടമകള്‍ തയ്യാറാകാത്തതിനാലാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. വാരപ്പെട്ടി കവലയില്‍ നിന്നും പഞ്ചായത്ത് ഓഫീസ് പടിക്കലേക്കായിരുന്നു മാര്‍ച്ചു നടത്തിയത്. എന്നാല്‍ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള കെ കെ എസ് പ്ലെയ് വുഡ് കമ്പനിക്ക് നൂറ് മീറ്റര്‍ അകലെ മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് തൊഴിലാളികള്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. കമ്പനി ഉടമകള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട തൊഴില്‍ നല്‍കാന്‍ തയ്യാറാകുന്നതു വരെ സമരം തുടരുമെന്ന് തൊഴിലാളി നേതാക്കള്‍ പറഞ്ഞു. പ്രതിഷേധ സമരത്തിന് തൊഴിലാളി നേതാക്കളായ മനോജ് നാരായണന്‍, അബു മൊയ്തീന്‍, പി കെ മൊയ്തു,നജീബ് പി എസ്, നിസാര്‍ ഈറക്കല്‍,ഇ.എസ്.സുഭാഷ്, പഞ്ചായത്ത് അംഗങ്ങളായ കെഎം സെയ്ത്, ഹുസൈന്‍ കെ.കെ., യൂണിയന്‍ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറിമാരായ കമര്‍ ആക്കടയില്‍ ബഷീര്‍ ആക്കടയില്‍ ഷാജി മംഗലത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!