തൃക്കളത്തൂര്‍ കാവുംപടി-കുന്നുകുരുടി റോഡിന്റെയും, കാവുംപടി കനാല്‍ പാലത്തിന്റെയും നിര്‍മ്മാണത്തിന് തുടക്കമായി.

 

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ തൃക്കളത്തൂര്‍ കാവുംപടി-കുന്നുകുരുടി റോഡിന്റെയും, തൃക്കളത്തൂര്‍ കാവുംപടി കനാല്‍ പാലത്തിന്റെയും നിര്‍മ്മാണത്തിന് തുടക്കമായി. തൃക്കളത്തൂര്‍ കാവുംപടി-കുന്നുകുരുടി റോഡ് ബി.എം.ബി.സി. നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിന് എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 68-ലക്ഷം രൂപയും തൃക്കളത്തൂര്‍ കാവുംപടി കനാല്‍ പാലത്തിന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 16-ലക്ഷം രൂപയും ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. പായിപ്ര പഞ്ചായത്തിലെ കാവുംപടിയില്‍ നിന്നും ആരംഭിച്ച് പഞ്ചായത്ത് അതിര്‍ത്തിയായ മില്ലുംപടി വരെയുള്ള ഭാഗം ബി.എം.ബി.സി. നിലവാരത്തില്‍ ടാര്‍ ചെയ്ത് മനോഹരമാക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. റോഡിലെ ഓടകളുടെ നവീകരണം, കോണ്‍ഗ്രീറ്റ്, ദിശ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, റിഫ്ളക്ട് ലൈറ്റുകള്‍ സ്ഥാപിക്കല്‍ അടക്കമുള്ള ജോലികളാണ് പൂര്‍ത്തിയാക്കുന്നത്. തൃക്കളത്തൂര്‍ കാവുംപടി-ചാരപ്പാട്ട് റോഡില്‍ പെരിയാര്‍വാലി കനാലിന് കുറുകെയുള്ള പാലം പൊളിച്ച് പുതിയ പാലം നിര്‍മ്മിക്കുന്നതിനാണ് 16-ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. 50-വര്‍ഷം മുമ്പ് നിര്‍മ്മിച്ച പാലം കാലപഴക്കത്താല്‍ പൊട്ടിപൊളിഞ്ഞ് അപകടാവസ്ഥയിലായിരുന്നു. പാലത്തിന് വീതികുറവും വാഹനഗതാഗതത്തിന് തടസമായിരുന്നു. 6-മീറ്റര്‍ വീതിയിലാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. റോഡിന്റെയും പാലത്തിന്റെയും നിര്‍മ്മാണോദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ. നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി അധ്യക്ഷത വഹിച്ചു. മുന്‍ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍. അരുണ്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.സി. വിനയന്‍, മെമ്പര്‍മാരായ സുകന്യ അനീഷ്, എല്‍.ജി. റോയി, വിവിധ കക്ഷിനേതാക്കളായ കെ.കെ. ശ്രീകാന്ത്, അജിന്‍ അശോകന്‍, എല്‍ദോസ് പനംകുറ്റിയില്‍, കെ.എസ്. ദിനേശ്, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സംമ്പന്ധിച്ചു.

ചിത്രം- തൃക്കളത്തൂര്‍ കാവുംപടി-കുന്നുകുരുടി റോഡിന്റെ നിര്‍മ്മാണോദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ. നിര്‍വ്വഹിക്കുന്നു..

Back to top button
error: Content is protected !!