ഹെറോയിനുമായി മൂന്ന് ആസാം സ്വദേശികള്‍ പിടിയില്‍

പെരുമ്പാവൂര്‍: പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലുമായി എക്‌സൈസ്, പോലീസ് സംഘങ്ങള്‍ നടത്തിയ പരിശോധനയില്‍ ഹെറായിനുമായി മൂന്ന് ആസാം സ്വദേശികളെ പിടികൂടി. പെരുമ്പാവൂര്‍ കണ്ടന്തറയില്‍നിന്ന് കുന്നത്തുനാട് എക്‌സൈസ് സംഘമാണ് അയിനുള്‍ ഹക്ക്(30)നെ പിടികൂടിയത്. പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘമാണ് മാര്‍ക്കറ്റ് പരിസരത്തുനിന്ന് മോഫിജുള്‍ അലി(24), മുബാറക്ക് അലി(24) എന്നിവരെ പിടികൂടിയത്. അയിനുള്‍ ഹക്കിന്റെ പക്കല്‍നിന്ന് 13.257 ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു. രണ്ട് ഭാര്യമാരുമായി കണ്ടന്തറയില്‍ വാടകയ്ക്ക് താമസിച്ചുവന്ന പ്രതിയുടെ വരുമാനമാര്‍ഗം ഹെറോയിന്‍ കച്ചവടമായിരുന്നു. ഭാര്യമാരായിരുന്നു ആസാമില്‍നിന്ന് ഹെറോയിന്‍ കേരളത്തില്‍ എത്തിച്ചിരുന്നത്. ചെറുകിട കച്ചവടക്കാര്‍ക്ക് രാത്രി 12ന് ശേഷം ഓരോ ബോക്‌സ് ആയിട്ടാണ് ഇയാള്‍ കച്ചവടം നടത്തിയിരുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ പുലര്‍ച്ചെ ആണ് ഇയാള്‍ കച്ചവടത്തിനായി തെരെഞ്ഞെടുത്തത്. പ്രതി കുറച്ച് നാളുകളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കുന്നത്തുനാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ബിനുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
മുബാറക്ക് അലിയെ 20 കുപ്പി ഹെറോയിനും, മൊഫിജുള്‍ അലിയെ 5 കുപ്പി ഹെറോയിനുമായാണ് പോലീസ് സംഘം പിടികൂടിയത്. ഒരു കുപ്പിക്ക് 800 രൂപ നിരക്കില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് ഇവര്‍ വില്പന നടത്തിയിരുന്നത്. ആസാമില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നിരുന്നത്. ഒരു മാസത്തിനുള്ളില്‍ 250 ലേറെ കുപ്പി ഹെറോയി നാണ് പോലീസ് പെരുമ്പാവുരില്‍ നിന്ന് പിടികൂടിയത്. എഎസ്പി മോഹിത് റാവത്ത്, സിഐ എം.കെ. രാജേഷ്, എസ്‌ഐ വി. വിദ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Back to top button
error: Content is protected !!