പോലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ ഇനി കാത്തിരിക്കേണ്ട; പുതിയ മാര്‍ഗ നിര്‍ദേശവുമായി ഡിജിപി

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശവുമായി ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ്. വിവിധ ആവശ്യങ്ങള്‍ക്കായി പൊലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഉദ്യോഗസ്ഥരെ കാണുന്നതില്‍ കാലതാമസമുണ്ടാകാന്‍ പാടില്ല. സ്റ്റേഷനില്‍ നിന്നുള്ള സേവനം എത്രയും വേഗം നല്‍കുന്നു എന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉറപ്പാക്കണമെന്നും എസ്‌എച്ച്‌ഒയുടെ അഭാവത്തില്‍ സ്റ്റേഷനില്‍ എത്തുന്നവരുടെ പരാതികള്‍ കേള്‍ക്കുവാന്‍ പരിചയ സമ്ബന്നരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്നും ഡിജിപി നിര്‍ദേശം നല്‍കി.

പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ കൈപ്പറ്റ് രസീത് നല്‍കണം. പരാതി കൊഗ്‌നൈസബിള്‍ അല്ലെങ്കില്‍ പ്രാഥമിക അന്വേഷണത്തിനായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും ആ ഉദ്യോഗസ്ഥന്റെ പേര് വിവരം പരാതിക്കാരനെ അറിയിക്കണം എന്നും നിര്‍ദേശത്തില്‍ പറയുന്നു. പരാതി കൊഗ്‌നൈസബിള്‍ ആണെങ്കില്‍ ഉടനടി കേസ് രജിസ്റ്റര്‍ ചെയ്യുകയും എഫ്‌ഐആറിന്റെ പകര്‍പ്പ്, പരാതിക്കാരന് സൗജന്യമായി നല്‍കുകയും വേണം.

കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്താല്‍ അത് പരാതിക്കാരനെ അറിയിക്കണം. അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കിയാല്‍ ആ വിവരവും അറിയിക്കണം. സ്റ്റേഷനിലെത്തുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്നും അവരുടെ പരാതിയിന്മേല്‍ കാലതാമസമില്ലാതെ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പൊലീസ് സ്റ്റേഷനിലെത്തുന്നവരെ ആവശ്യങ്ങള്‍ മാനിച്ച്‌ അവരെ ഉദ്യോഗസ്ഥരുടെ മുന്നിലെത്തിക്കേണ്ട ചുമതല സ്റ്റേഷനിലെ പബ്ലിക് റിലേഷന്‍സ് ഓഫീസറുടേതാണ്. ഇവര്‍ പരാതിയില്‍ നേരിട്ട് അന്വേഷണം നടത്തുകയോ പരിഹാരം നിര്‍ദേശിക്കുകയോ ചെയ്യരുത്. പിആര്‍ഒമാര്‍ തങ്ങളുടെ ചുമതല നിര്‍വഹിക്കുന്നുണ്ടെന്ന് എസ്‌എച്ച്‌ഒമാര്‍ ഉറപ്പ് വരുത്തണം. ഔദ്യോഗിക ഫോണില്‍ വരുന്ന കോളുകള്‍ എല്ലാം സ്വീകരിക്കണം. കോള്‍ ഡൈവര്‍ട്ട് ചെയ്യാന്‍ പാടില്ല.

എസ്‌എച്ച്‌ഒമാര്‍ പൊലീസ് സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തണം. ക്യാമറകള്‍ പ്രവര്‍ത്തിക്കാത്ത പക്ഷം ജില്ലാ പൊലീസ് മേധാവിമാരുടെ ശ്രദ്ധയില്‍പ്പെടുത്തണം. ഈ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാരും യൂണിറ്റ് മേധാവിമാരും ഉറപ്പുവരുത്തണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കുമെന്നും ഡിജിപിയുടെ നിര്‍ദേശത്തില്‍ പറയുന്നു

Back to top button
error: Content is protected !!