അതി തീവ്ര ഉണക്കിലും പണിമുടക്കാതെ മീമ്പാറയിലെ തോക്ക് പൈപ്പ്

കോലഞ്ചേരി: അതി തീവ്ര ഉണക്കും, പതിറ്റാണ്ടിന്റെ കാലപ്പഴക്കവും ഈ തോക്ക് പൈപ്പിന്റെ മുന്നില്‍ തോല്‍ക്കും. സമീപ പ്രദേശങ്ങളിലെ കിണറുകള്‍ ഉണക്കേറ്റ് വരണ്ടുണങ്ങുമ്പോള്‍ പൈപ്പിലെ ലിവറില്‍ നാല് ചാമ്പ് ചാമ്പിയാല്‍ വെള്ളം റെഡി. തോക്കിന്റെ ആകൃതിയെങ്കിലും നാല് പതിറ്റാണ്ടിലേറെയായി നാടിന് ജീവജലം പകര്‍ന്ന് നല്കുകയാണ് മീമ്പാറയിലെ’തോക്ക് പൈപ്പെന്ന് ‘ നാട്ടുകാര്‍ വിളിക്കുന്ന ചാമ്പ് പൈപ്പ്. ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ചാമ്പ് പൈപ്പ് തന്റെ കടമ ഒരു മുടക്കവും കൂടാതെ നടത്തി വരികയാണ്.1979 -80 കളുടെ തുടക്കത്തില്‍ ആണ് ഇത് ഇവിടെ സ്ഥാപിച്ചതെന്ന് പഴമക്കാര്‍ പറയുന്നു. ഭൂഗര്‍ഭ ജല വകുപ്പിന്റെ നേതൃത്വത്തിലാണ് ഇത് ഇവിടെ പ്രവര്‍ത്തനമാരംഭിച്ചത്. അന്നു മുതല്‍ ഇവിടെ സ്ഥിതി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങള്‍, നിലവിലുള്ള സ്ഥാപനങ്ങള്‍, സമീപത്തെ സ്‌കൂള്‍ വിട്ട് വരുന്ന കുട്ടികള്‍, വഴി യാത്രക്കാര്‍, തുടങ്ങിയവര്‍ ഇതിന്റെ അനുഭവസ്ഥരായ ഗുണഭോക്താക്കളുമാണ്. നാളിതുവരെയായി ഒരു രീതിയിലുമുള്ള കേടുപാടുകളും ഇതിന് സംഭവിച്ചിട്ടില്ല. കൈകളുപയോഗിച്ച് ഇതിന്റെ ചാമ്പ് ലിവറില്‍ താഴ്ത്തുകയും പൊക്കുകയും ചെയ്താല്‍ സെക്കന്റ്റുകള്‍ക്കൊണ്ട് ഏകദേശം 200 അടി താഴ്ച്ചയില്‍ നിന്നും പൈപ്പിലൂടെ വെള്ളം മുകളിലെത്തും.ഈ വെള്ളത്തിന്റെ ഗുണനിലവാര പരിശോധനകള്‍ ഒന്നും നടത്തിയിട്ടില്ലെങ്കിലും വളരെ ആഴത്തില്‍ ഭൂമിക്കടിയില്‍ നിന്ന് വരുന്ന വെള്ളമായതിനാല്‍ സാന്ദ്രത അല്പം കൂടിയതാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. വരള്‍ച്ച ദുരിതാശ്വാസ പദ്ധതിയില്‍ പ്പെടുത്തി തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന ഫുള്ളി ഹൈഡ്രോളിക്കലി ഓപ്പറേറ്റഡ് റിഗ് വച്ചത് മീമ്പാറ സ്വദേശിയും ഗവ:കോണ്‍ട്രാക്ടറുമായിരുന്ന ടി.എം.എബ്രഹാം എന്ന വ്യക്തിയായിരുന്നു. കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുന്ന ഇക്കാലത്ത് ഭൂമിക്കടിയിലെ ഉറവ് പാളികളില്‍ സ്ഥിതി ചെയ്യുന്ന ജീവ ജലം തലമുറകള്‍ക്ക് മാറി മാറി നല്കുന്ന ഈ ചാമ്പ് പൈപ്പ് ഈ നാടിന്റെ വറ്റാത്ത ഉറവയും പുതു തലമുറയ്ക്ക് അത്ഭുതവുമായി മാറിയിരിക്കുകയാണ്.

Back to top button
error: Content is protected !!