തിരുവുംപ്ലാവിൽ ശിവരാത്രി ആഘോഷം 7 ന് ആരംഭിക്കും

 

‘കേരളകാശി’ എന്ന് പ്രസിദ്ധമായതും പിതൃതർപ്പണ പ്രാധാന്യമുള്ളതുമായ ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ ശിവരാത്രി ചടങ്ങുകൾ മാർച്ച് 7 ഞായറാഴ്ച ആരംഭിക്കും. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും ആചരണങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഭംഗം വരാത്ത രീതിയിലും, “ആചരിക്കാം ആരോഗ്യത്തോടെ” എന്ന സന്ദേശമാണ് ദേവസ്വം സ്വീകരിച്ചിരിക്കുന്നത്.

അതിൻ്റെ ഭാഗമായി ക്ഷേത്ര മതിൽക്കകത്തേക്കുള്ള പ്രവേശനവും ദർശനവും സൗജന്യ പാസ്സ് മൂലം നിയന്ത്രിക്കും. ക്ഷേത്രാചാരങ്ങളുടെ ഭാഗമായ എഴുന്നള്ളത്ത്, വാദ്യമേളങ്ങൾ എന്നിവ ക്ഷേത്രമതില്ക്കകത്ത് മാത്രമായി ചുരുക്കും.

ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള ഐതിഹ്യ പ്രസിദ്ധമായ തീർത്ഥക്കരയിൽ ശിവരാത്രി നാൾ രാത്രി 12 മണി മുതൽ ആരംഭിക്കുന്ന ബലിയിടീൽ പൂർണ്ണമായും മുൻകൂട്ടി ബുക്ക് ചെയ്തവർക്കു മാത്രമായിരിക്കും. മുൻകൂട്ടി ബുക്ക് ചെയ്യുവാനുള്ള ഓൺലൈൻ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ക്ഷേത്രം ഓഫീസിലും മുൻകൂട്ടി ബലി ടോക്കൺ ബുക്ക് ചെയ്യാവുന്നതാണ്.

ഓൺലൈൻ ബുക്കിംഗിന്: https://vibo365.com/keralakashi

ശിവരാത്രിനാളായ വ്യാഴാഴ്ച പുലർച്ചെ 3.30 ന് നിർമ്മാല്യ ദർശനം, തുടർന്ന് രുദ്രാഭിഷേകം മുതലായവയും 8 ന് ശ്രീബലി എഴുന്നള്ളിപ്പും ഉണ്ടാകും.11 ന് ശ്രീരുദ്രധാര നവകാഭിഷേകം, കാവടി അഭിഷേകം, 12 മണിക്ക് ഉച്ചപ്പൂജ എന്നിവ ഉണ്ടാവും.

വൈകുന്നേരം 4.30 ന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, അത്താഴപ്പൂജ. 12 മണിക്ക് ശിവരാത്രി പൂജ വിളക്കിനെഴുന്നള്ളിപ്പ്.

ക്ഷേത്ര ദർശനത്തിനെത്തുന്നവർ, ബഹുമാനപ്പെട്ട കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു.

Back to top button
error: Content is protected !!