ആള്‍താമസമില്ലാത്ത വീടുകളുടെ വാതില്‍ കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം

കോതമംഗലം: ആള്‍താമസമില്ലാത്ത വീടുകളുടെ മുന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം. വെണ്ടുവഴിയിലും വിളയാലുമാണ് ആള്‍ താമസം ഇല്ലാത്ത രണ്ട് വീടുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച ശ്രമം നടത്തിയത്. വടക്കേ വെണ്ടുവഴി തറമറ്റത്തില്‍ ഖാദറുകുട്ടിയുടെ വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. വീടിന്റെ പുറത്ത് സൂക്ഷിച്ചിരുന്ന പിക്കാസ് ഉപയോഗിച്ചാണ് പൂട്ട് തകര്‍ത്തത്. മൂന്ന് അലമാരകളുടെ പൂട്ടും തകര്‍ത്തു. മേശയിലും അലമാരിയിലുമായി സൂക്ഷിച്ചിരുന്ന സാധനസാമഗ്രികള്‍ പരിശോധിച്ചെങ്കിലും മോഷ്ടാവിന് വിലപ്പിടിപ്പുള്ള ഒന്നും കിട്ടിയില്ല. തെളിവ് നശിപ്പിക്കാന്‍ മുളകുപൊടിയും വിതറിയ ശേഷമാണ് മോഷ്ടാവ രക്ഷപെട്ടത്. നെല്ലിക്കുഴിയിലുള്ള മകളുടെ വീട്ടിൽ താമസിക്കുന്ന ഖാദറും ഭാര്യയും പുരയിടത്തിലെ കൃഷികാര്യങ്ങള്‍ നോക്കാന്‍ ദിവസവും രാവിലെ എത്താറുണ്ട്. ബുധനാഴ്ച രാവിലെ ഖാദര്‍ എത്തിയപ്പോള്‍ മുന്‍വശത്തെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മോഷണശ്രമം നടന്നത് അറിയുന്നത്. വീടിന്റെ സിറ്റൗട്ടിലും ഹാളിലുമെല്ലാം മുളകുപൊടിയും വിതറിയിരുന്നു. അടുക്കളയില്‍ നിന്നാണ് മുളകുപൊടി എടുത്തതെന്ന് പരിശോധനയില്‍ വ്യക്തമായി.

വിളയാലില്‍ അന്തിക്കാട് ജെയിംസിന്റെയും (ജെയ്മി) വീടിന്റെ മുന്‍വശത്തെ വാതില്‍ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് കവര്‍ച്ച ശ്രമം നടത്തിയത്. സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. ജെയ്മിയും കുടുംബവും ഒരു മാസം മുന്‍പ് പുതിയ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. പഴയ സാധനങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു.രണ്ട് വീടുകളിലും പോലീസ് എത്തി തെളിവ് ശേഖരണം നടത്തി. പരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് വരുകയാണ്

Back to top button
error: Content is protected !!