അയല്‍പക്കംകോതമംഗലംമൂവാറ്റുപുഴ

പെട്ടിക്കടയോടൊപ്പം പഞ്ചായത്ത് ഭരണവും കൈയ്യാളുന്ന വനിതാ വാർഡ് മെമ്പർ ശ്രദ്ധേയയാകുന്നു.

 

മൂവാറ്റുപുഴ :പെട്ടിക്കടയോടൊപ്പം പഞ്ചായത്ത് ഭരണവും കൈയ്യാളുന്ന വനിതാ വാർഡ് മെമ്പർ ശ്രദ്ധേയയാകുന്നു. പല്ലാരിമംഗലം പഞ്ചായത്ത് 7 ാം വാർഡ് മെമ്പർ പൂക്കുന്നേൽ സീനത്ത് മൈതീനാണ് ജീവനോപാധിയായ കടയും ഒപ്പം മെമ്പർ സ്ഥാനവുമായി നാട്ടിലെ താരമായി മാറിയത്. മൂന്ന് വർഷമായി കൂവള്ളൂർ ഗവ ആശുപത്രി വളപ്പിൽ ജില്ലാ കുടുംബശ്രീ മിഷൻ അനുവദിച്ച കടയിൽ സീനത്തുണ്ട്. വീട്ടിൽ നിന്നുണ്ടാക്കി കൊണ്ടുവരുന്ന ചായ, ചക്കയട, ചക്ക വരട്ടി, വത്സൻ, കൊഴ്‌ക്കൊട്ട, സുകിയൻ, ചുട്ട അട തുടങ്ങി ആവിയിൽ ഉണ്ടാക്കുന്ന ചെറുകടികളും ഒപ്പം കളിപ്പാട്ടങ്ങളും അടങ്ങുന്ന ചെറുകട ആശുപത്രിയിൽ എത്തുന്നവരുടെയും അത്താണിയാണ്. സാധാരണക്കാർ ഏറെ വരുന്ന ആശുപത്രിയിൽ പാവപ്പെട്ടവർക്ക് ചായയും ഫ്രീയാണ്. ചായകുടിച്ചു പോകുന്ന ഇവർക്ക് ചെറിയ പൈസ അങ്ങോട്ട് കൊടുക്കാനും സീനത്തിന് മടിയില്ല. കടയും പൊതുപ്രവർത്തനവും ഒന്നിച്ച് കൊണ്ട് പോകുന്ന സീനത്ത് 2020 ലെ തെരഞ്ഞെടുപ്പിൽ സിപിഐഎം ടിക്കറ്റിലാണ് മത്സരിച്ചത്. 85 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ഇവർക്ക് കഷ്ടപ്പാടിന്റെ കഥകളേറെ പറയാനുണ്ട്. മൂന്ന് പെൺമക്കളിൽ ഇളയവളായ സീനത്തിന് വീട്ടിലെ പ്രാരാബ്ദങ്ങൾ കാരണം പത്താം ക്ലാസിൽ പഠനം നിർത്തേണ്ടിവന്നു. വീട് പട്ടിണിയാകാതിരിക്കാൻ ആട്, കോഴി, കൃഷി തുടങ്ങിയവയൊക്കെയായി പിന്നെ ജീവിതം. കൈസഹായത്തിന് ആങ്ങളമാരില്ലെന്ന പരിഭവമുണ്ടെങ്കിലും അതിലേറെ ഒറ്റക്ക് ചെയ്‌തെന്ന സംതൃപ്തിയാണ് സീനത്തിന്. ഓട്ടോ ഡ്രൈവറായ ഭർത്താവ് മൈതീൻ 24 വർഷം വിദേശത്തായിരുന്നു. ഭർത്താവിന് കൂട്ടും തുണയുമായ സീനത്തിന്റെ കരുതലിലാണ് കൂവള്ളൂർ ഇർഷാദിയ്യ സ്‌കൂളിന് സമീപം സ്ഥലം വാങ്ങി വീട് വെച്ചത്.
വെളുപ്പിന് 3.45ന് ജോലികൾ തുടങ്ങിയാലേ രാവിലെ ഒമ്പതിന് കട തുറക്കാൻ കഴിയൂ. പഞ്ചായത്തിലെത്തുന്നവർ എന്താവശ്യത്തിന് വിളിച്ചാലും കടയടച്ച് തന്റെ സ്‌കൂട്ടറിൽ അര കിലോമീറ്റർ അപ്പുറമുള്ള പഞ്ചായത്തിലെത്തും. ഉച്ചക്ക് രണ്ട് കഴിഞ്ഞാൽ പിന്നെ കടയുംപൂട്ടി സീനത്തിറങ്ങും. അവിടെയും തീരുന്നില്ല സീനത്തിന്റെ ജോലികൾ. 2005 ൽ തുടങ്ങിയ സുരഭി കുടുംബശ്രീയുടെ സെക്രട്ടറി കൂടിയായ സീനത്ത് കിരൺ ജെഎൽജി എന്ന കൃഷി ഗ്രൂപ്പുണ്ടാക്കി ഒരേക്കർ സ്ഥലത്ത് കപ്പ, വാഴ, പച്ചക്കറികൾ തുടങ്ങിയ കൃഷിയും ചെയ്തുവരുന്നു. പച്ചക്കറി കാശ് കൊടുത്ത് വാങ്ങാറില്ലെന്ന് സീനത്ത് പറയുന്നു. തൊഴിലുറപ്പ് മേറ്റ് കൂടിയായ സീനത്തിന് രണ്ട് പെൺമക്കളാണ്. ഫർഹാമോൾ പ്ലസ് വണ്ണിലും,ഫർസാന മൂന്നിലും പഠിക്കുന്നു. ‘എൽസമ്മ എന്ന ആൺകുട്ടി’ സിനിമയിലെ ആൻ അഗസ്റ്റിൻ കഥാപാത്രത്തെ അനുസ്മരിപ്പിക്കും വിധമാണ് സീനത്തിന്റെ ജീവിതം.

ഫോട്ടോ.: സീനത്ത് കൂവള്ളൂര്‍ ഗവ. ആശുപത്രി വളപ്പിലുള്ള തന്റെ പെട്ടിക്കടയില്‍

Back to top button
error: Content is protected !!
Close