വരിക്കോലി നീര്‍മ്മേല്‍ നിവാസികളുടെ ദുരിതത്തിന് അറുതിയായി

കോലഞ്ചേരി: കാത്തിരിപ്പിനൊടുവില്‍ നീര്‍മ്മേല്‍ നിവാസികളുടെ ദുരിതത്തിന് അറുതിയായി. വടവുകോട് പുത്തന്‍ കുരിശ് പഞ്ചായത്ത് പത്താം വാര്‍ഡിലെ വരിക്കോലി നീര്‍മ്മേല്‍ കോളനിയിലെ 20 കുടുംബങ്ങളുടെ ദുരിതത്തിനാണ് പരിഹാരമായത്. കൊച്ചി റിഫൈനറിയുടെ മോട്ടോര്‍സ് പിരിറ്റ് ബ്ലോക്കിന് വേണ്ടി സമീപത്തെ ഭൂമിയെല്ലാം ഏറ്റെടുത്തതോടെയാണ് ആറ് വര്‍ഷം മുന്‍പ്് ഇവരുടെ ദുരിതമാരംഭിച്ചത്. റവന്യൂ പുറമ്പോക്കായതിനാല്‍ ഈ കുടുംബങ്ങളുടെ വസ്തുവകകള്‍ ഏറ്റെടുക്കാന്‍ റിഫൈനറി അധികൃതര്‍ തയാറായില്ല. ഇതിന് സര്‍ക്കാര്‍ അനുമതി വേണമെന്നായിരുന്നു കമ്പനി അധികൃതരുടെ വാദം. പ്രദേശവാസികള്‍ സര്‍ക്കാര്‍ തലത്തില്‍ നിരവധി ഇടപെടല്‍ നടത്തിയെങ്കിലും വിജയം കണ്ടില്ല. ഇതോടെ വീടിന്റെയും മറ്റും അറ്റകുറ്റപണികള്‍ നടത്താന്‍ കഴിയാതെയും അടിയന്തിര ആവശ്യങ്ങള്‍ക്ക് വായ്പയെടുക്കാന്‍ കഴിയാതെയും പ്രദേശവാസികള്‍ വലഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ പരാതിയുമായി പി.വി.ശ്രീനിജിന്‍ എം.എല്‍.എ.യെ സമീപിക്കുകയായിരുന്നു.ഇതിന് ശേഷം എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ നിരന്തരമായ ഇടപെടലിനൊടുവില്‍ സ്ഥലം റിഫൈനറിക്ക് വിട്ടു നല്‍കുന്നതില്‍ നിയമ തടസ്സമില്ലെന്ന് ജില്ലാ കളക്ടറും ലാന്റ് റവന്യൂ കമ്മീഷണറും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഇതേ തുടര്‍ന്ന് പുത്തന്‍ കുരിശ് വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 30 ല്‍ പെട്ട 578.55 ആര്‍.ആര്‍ റവന്യൂ പുറമ്പോക്ക് സ്ഥലം 54,88,52,369 രൂപ ഈടാക്കി റിഫൈനറിക്ക് വിട്ടു നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. ഇവിടെ ഏറ്റെടുക്കുന്ന സ്ഥലത്തിന് ഉടമകള്‍ക്ക് 9.60ലക്ഷം വീതവും വീടുകള്‍ക്ക് ആനുപാതികമായും നഷ്ടപരിഹാരം നല്‍കാന്‍ നേരത്തെ റിഫൈനറിയും സ്ഥലമുടമകളും തമ്മില്‍ ധാരണയായിരുന്നു. ഏറ്റെടുക്കുന്ന വസ്തു വകകളുടെ തുകക്കുള്ള ഡി.ഡി.വിതരണം പി.വി.ശ്രീനിജിന്‍ എം.എല്‍.എ.നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്‍ അധ്യക്ഷത വഹിച്ചു.ബി.പി.സി.എല്‍ സീനിയര്‍ മാനേജര്‍ വിനോദ് മാത്യു മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.അശോക് കുമാര്‍, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ നവാസ് ടി.എസ്, എല്‍സി പൗലോസ്,ശ്രീരേഖ അജിത്ത്, മെമ്പര്‍മാരായ വി.എസ് ബാബു, സി.ജി നിഷാദ്, അജിത ഉണ്ണികൃഷ്ണന്‍, ഉഷ വേണുഗോപാല്‍, സജിത പ്രദീപ്, ഷാനിഫ ബാബു പഞ്ചായത്ത് സെക്രട്ടറി പ്രസാദ് പി.എന്‍, എം.എ വേണു, എം.എം. തങ്കച്ചന്‍, എം.എം പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു.20 കുടുംബങ്ങളില്‍ 16 കുടുംബങ്ങള്‍ക്കാണ് തുക വിതരണം ചെയ്തത്.3 കുടുംബങ്ങളുടെ തുക അടുത്ത ദിവസങ്ങളില്‍ നല്‍കും. ശേഷിക്കുന്ന ഒരാളുടെ തുക നിയമനടപടികള്‍ പൂര്‍ത്തിയായശേഷവുംനല്‍കും

 

Back to top button
error: Content is protected !!