അധ്യാപകനും ചിത്രകാരനുമായ ബാലകൃഷ്ണന്‍ കതിരൂരിന്‍റെ കരവിരുതില്‍ ഇടമലക്കുടിയിലെ വിദ്യാലയത്തിന്‍റെ ചുമരുകള്‍ വര്‍ണ്ണാഭമായി.

 

മൂവാറ്റുപുഴ : അധ്യാപകനും ചിത്രകാരനുമായ ബാലകൃഷ്ണന്‍ കതിരൂരിന്‍റെ കരവിരുതില്‍ ഇടമലക്കുടിയിലെ വിദ്യാലയത്തിന്‍റെ ചുമരുകള്‍ വര്‍ണ്ണാഭമായി. സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടി കോവിഡ് മുക്തമായ കേരളത്തിലെ ഏക പ്രദേശമാണ്. കോവിഡ് 19 മഹാമാരി കാരണം കേരളത്തിലെ ഒരു പൊതു വിദ്യാലയവും തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സാധാരണ രീതിയില്‍ ക്ലാസുകളാരംഭിച്ച കേരളത്തിലെ ഏക വിദ്യാലയവും ഇടമലക്കുടി ഗവ. ട്രൈബല്‍ എല്‍.പി. സ്കൂളാണ്. ആദിവാസി മുതുവാന്‍ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ മാത്രമാണ് ഇവിടെ അധ്യയനം നടത്തുന്നത്. പുതിയ അധ്യയന വര്‍ഷത്തില്‍ 17 വിദ്യാര്‍ത്ഥികള്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടി മൊത്തം 116 വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നു. വിദ്യാലയ വികസനവുമായി ബന്ധപ്പെട്ട് സ്ഥലം സന്ദര്‍ശിക്കുന്നതിനിടെ ഡീന്‍ കുര്യാക്കോസ് എംപിയുടെ മനസില്‍ വിദ്യാലയം ആകര്‍ഷകമാക്കി ശിശു സൗഹൃദമാക്കണമെന്ന ആശയം ഉദിക്കുകയായിരുന്നു. പുതിയ അധ്യയന വര്‍ഷത്തില്‍ പഠനം സാധാരണ രീതിയിലാക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തപ്പോള്‍ പൊതു പ്രവര്‍ത്തകനായ രതീഷ് ചങ്ങാലിമറ്റത്തിന്‍റെ നേതൃത്വത്തില്‍ എംപിയുടെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് സഹായത്തോടെ ബാലകൃഷ്ണന്‍ കതിരൂരിന്‍റെ നേതൃത്വത്തില്‍ പ്രദീപ് കുമാര്‍, പ്രമേദ് എന്നീ രണ്ട് അധ്യാപകരുടെ സഹായത്തോടെ വിദ്യാലയത്തിന്‍റെ മുഖഛായ തന്നെ മാറ്റുകയായിരുന്നു. ഇതിനിടെ കുട്ടികള്‍ക്കായി അധ്യാപകന്‍ ബാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ ചിത്രകലാ പരിശീലനവും നടത്തി. ജീവിതത്തിലാദ്യമായി പെയ്ന്‍റിംഗ് ബ്രഷും വര്‍ണ്ണ കളറുകളും നേരിട്ടറിയാന്‍ കുരുന്നുകള്‍ക്ക് അവസരമൊരുക്കി. അംബര ചുംബികളായ കെട്ടിടവും ട്രെയിനും നിത്യവിസ്മയമായ കടലും കപ്പലും നേരിട്ടു കണ്ടിട്ടില്ലാത്തവരാണ് ഇടമലക്കുടിയിലെ ഭൂരിഭാഗം കുട്ടികളും. ബാലകൃഷ്ണന്‍റെ വില്‍തുമ്പുകള്‍ വിദ്യാലയത്തിന്‍റെ ചുമരുകളെ വര്‍ണ്ണാഭമാക്കിയപ്പോള്‍ അത്ഭുതത്തോടെയാണ് കുട്ടികള്‍ നോക്കിയിരുന്നത്.

ഫോട്ടോ ……………………
ഇടമലക്കുടി ഗവ. ട്രൈബല്‍ എല്‍.പി. സ്കൂള്‍ വര്‍ണ്ണാഭമാക്കിയപ്പോള്‍.

Back to top button
error: Content is protected !!