കുടിവെള്ള പദ്ധതിക്ക് ടാങ്ക് നിർമ്മിക്കാൻ സൗജന്യമായി സ്ഥലം വിട്ട് നൽകി പൊതുപ്രവർത്തകൻ മാതൃകയായി

പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിൽ പുതിയതായി നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ള ടാങ്ക് നിർമ്മിക്കാൻ സൗജന്യമായി സ്ഥലം വിട്ടുനൽകി മാതൃകയായിരിക്കുകയാണ് സി.പി.എം പോത്താനിക്കാട് ലോക്കൽ സെക്രട്ടറി എ.കെ സിജു. ജലജീവൻ പദ്ധതിയുടെ ഭാഗമായി പോത്താനിക്കാട് പഞ്ചായത്തിൽ നിർമ്മിക്കുന്ന രണ്ട് കുടിവെള്ള ടാങ്കുകളിൽ ഒന്ന് നിർമ്മിക്കാനാണ് കോന്നൻപാറയിലെ തങ്ങളുടെ മൂന്നു സെൻ്റ് സ്ഥലം സിജുവും പിതാവ് ആരാകുന്നുംപുറത്ത് കുഞ്ഞപ്പനും ചേർന്ന് വാട്ടർ അതോറിറ്റിക്ക് സൗജന്യമായി കൈമാറിയത്. രണ്ട് ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കാണ് ഇവിടെ നിർമ്മിക്കുന്നത്. 6 മീറ്റർ ഉയരത്തിൽ ഒൻപത് കാലുകൾ നിർമ്മിച്ച് അതിൽ മൂന്നരമീറ്റർ ഉയരമുള്ള ടാങ്കും നിർമ്മിക്കാനാണ് പദ്ധതി .വർഷങ്ങൾക്ക് മുമ്പ് ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രാദേശിക കുടിവെള്ള പദ്ധതിക്കായി ടാങ്ക് നിർമ്മിക്കാൻ 2 സെൻ്റ് സ്ഥലവും ഇവർ സൗജന്യമായി വിട്ടുനൽകിയിരുന്നു. പഞ്ചായത്തിലെ തെക്ക് കിഴക്ക് ഭാഗത്ത് ഉയർന്ന പ്രദേശത്ത് ടാങ്ക് നിർമ്മിക്കാൻ സ്ഥലം ലഭിക്കാതെ വാട്ടർ അതോറിറ്റി ബുദ്ധിമുട്ടിയപ്പോൾ സ്ഥലം സൗജന്യമായി വിട്ടു നൽകാൻ സിജു സ്വയം മുന്നോട്ട് വരികയായിരുന്നു. പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ മികച്ച വിപണി വിലയുള്ള സ്ഥലം വിട്ടു നൽകാൻ തയ്യാറായ സിജുവിൻ്റെ പ്രവൃത്തി പൊതുപ്രവർത്തകർക്കെല്ലാം മാതൃകയാണ്.

കാളിയാർ പുഴയിൽ നിന്നും വെള്ളം പമ്പ് ചെയ്ത് പുളിന്താനത്ത് പുതുതായി നിർമ്മിക്കുന്ന ഫിൽറ്ററിംഗ് ടാങ്കിൽ വെള്ളം എത്തിച്ച് ശുചീകരിച്ച് പോത്താനിക്കാട് പഞ്ചായത്തിനു സമീപം എം.വി.ഐ.പി കനാലിൻ്റെ സ്ഥലത്ത് നിർമ്മിക്കുന്ന വിതരണ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുകയും അവിടെ നിന്ന് വാക്കത്തിപ്പാറ, കോന്നൻപാറ എന്നിവടങ്ങളിൽ നിർമ്മിക്കുന്ന ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്ത് വിതരണം ചെയ്യുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അതോടൊപ്പം നിലവിലുള്ള കുടിവെള്ള പദ്ധതി ഭാഗമായ പുളിന്താനം പള്ളി സംഭരണ ടാങ്കിലും വെള്ളം എത്തിച്ച് വിതരണം നടത്തും. പദ്ധതി പൂർത്തിയാകുന്നതോടെ പഞ്ചായത്തിൽ ഏറ്റവും കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന പ്രദേശങ്ങളായ കോന്നൻപാറ, തായ്മറ്റം, പോത്താനിക്കാട് ടൗൺ, കല്ലടപൂതപ്പാറ, പെരുനീർ എന്നിവടങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാവും.

Back to top button
error: Content is protected !!