കാലവര്‍ഷകുത്തൊഴുക്കില്‍ തൊടുപുഴയാറിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു

മൂവാറ്റുപുഴ: കാലവര്‍ഷകുത്തൊഴുക്കില്‍ തൊടുപുഴയാറിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു . ലതപാലത്തിനുസമീപമുള്ള പേട്ട ജുമാമസ്ജിദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കരിങ്കല്‍കെട്ടാണ് ജലനിരപ്പ് താഴ്ന്നതോടെ പുഴയില്‍ പതിച്ചത്. 15 അടി ഉയരമുള്ള കല്‍ക്കെട്ടിന്റെ 30 മീറ്ററോളം നിളത്തില്‍ ഭിത്തി നിലം പൊത്തി. ഇതോടെ സമീപസ്ഥലങ്ങളുടേയും പുഴസംരക്ഷണ ഭിത്തി ഭീഷണി നേരിടുന്നു. കാലവര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ മണ്ണിടിച്ചില്‍ ഉണ്ടായതോടെ തീര വാസികള്‍ ആശങ്കയിലാണ്. മഴയുടെ സിംഹഭാഗവും അവശേഷിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ സംരക്ഷണ ഭിത്തി തകരുമോഎന്ന ഭീതിയും നിലനില്‍ക്കുന്നു. കഴിഞ്ഞദിവസം മണ്ണിടിച്ചിലുണ്ടായ പേട്ട പള്ളികടവ് ഭാഗത്ത് നിരവധി വീടുകളുണ്ട്. ഒന്നിലേറെ കുളികടവുകളും ഇവിടങ്ങളില്‍ സംരക്ഷണഭിത്തി തകര്‍ന്നാല്‍ പുര്‍നിര്‍മ്മിക്കുവാന്‍ ലക്ഷങ്ങള്‍ വേണ്ടിവരും. തുടര്‍ച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചില്‍ പുഴക്കും ഭീഷണിയാണ്. കല്ലും മണ്ണും പുഴയിലടിയുന്നതോടെ ആഴം കുറഞ്ഞ് പ്രളയസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. ഏതാനം ദിവസം നീണ്ടുനിന്ന മഴയില്‍ പോലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. പുഴവെള്ളം കയറി കിടക്കാറുണ്ടായിരുന്ന ഭൂരിപക്ഷം പ്രദേശങ്ങളും ഇതിനകം നികത്തികഴിഞ്ഞു. ഇതോടെയാണ് നഗരതത്തില്‍ പ്രളയ സാദ്ധ്യത വര്‍ദ്ധിച്ചത്. പുഴകള്‍ നിറയുന്നതോടെ താഴ്ന്ന പ്രദേശങ്ങളിലും നഗരത്തിലും പൊടുന്നനെ വെള്ളം കയറുന്ന സ്ഥിതിയാണ്. സാധാരണയായി പുഴയില്‍ അടിഞ്ഞുകൂടുന്നതൊന്നും നീക്കം ചെയ്യാന്‍ സംവിധാനമില്ല. വര്‍ഷങ്ങളായി മണല്‍ വാരല്‍ നിരോധനം നിലനില്‍ക്കുന്നതിനാല്‍ പുഴകളുടെ ആഴം നന്നേ കുറഞ്ഞിട്ടുണ്ട് . ഇതിനുപിന്നാലെയാണ് തീരം ഇടിഞ്ഞും പുഴയില്‍ പതിക്കുന്നത്. കോതമംഗലം, കാളിയാര്‍ പുഴകളിലും മൂവാറ്റുപുഴയാറിലും തീരപ്രദേശങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. നെഹൃുപാര്‍ക്കിലെ വെള്ളൂര്‍ക്കുന്നം ക്ഷേത്രകടവിന് സമീപവും ഏതുസമയവും നിലംപൊത്താവുന്ന സ്ഥിതിയിലാണ് സംരക്ഷണ ഭിത്തി നിലകൊള്ളുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് ഏതാനം വര്‍ഷം മുമ്പ് നിര്‍മ്മിച്ച സംരക്ഷണ ഭിത്തിയാണ് പുഴ കൂലം കുത്തി ഒഴുകിയതോടെ അപകടഭി ക്ഷണിയിലായത്. കനത്ത മഴയെ തുടര്‍ന്ന് പുഴയിലെ നീരൊഴുക്ക് ശക്തമായതോടെയാണ് തീരം ഇടിയല്‍ വര്‍ദ്ധിച്ചത്. ഇതോടൊപ്പം ശക്തമായ മഴയും സ്ഥിതി ഗുരുതരമാക്കി.

 

Back to top button
error: Content is protected !!