സംസ്ഥാനത്ത് അരിവിലയും കുതിക്കുന്നു

തിരുവന്തപുരം: സംസ്ഥാനത്ത് പച്ചക്കറിക്ക് പിന്നാലെ അരിവിലയും കുതിക്കുന്നു. ഒരുമാസത്തിനിടെ 20 ശതമാനമാണ് മൊത്തവിപണിയില്‍ അരിക്ക് വിലകൂടിയത്. ആന്ധ്രയുള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ കയറ്റുമതി വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ഓണമെത്തുമ്പോഴേക്കും വില റെക്കോര്‍ഡിഡുമെന്നാണ് കണക്കുകൂട്ടല്‍. ഏറെ ഡിമാന്‍ഡുളള ജയ അരിക്കാണ് പൊളളുന്ന വില. 20 ദിവസം മുമ്പ് മൊത്ത വിപണയില്‍ 35 രൂപയായിരുന്നെങ്കില്‍ ഇന്നത് 40 ലെത്തി. ചില്ലറ വിപണിയില്‍ അഞ്ചുരൂപയെങ്കിലും അധികം നല്‍കണം. പൊന്നിയരിക്ക് 44 രൂപയുണ്ടായിരുന്നത് 52 ലെത്തി. പച്ചരിക്ക് മൊത്തവിപണയില്‍ നാലുരൂപയാണ് പതിനഞ്ച് ദിവസത്തിനകം കൂടിയത്. ബംഗാളില്‍ നിന്നെത്തുന്ന സ്വര്‍ണക്കും സുരേഖയ്ക്കും വില കൂടിയിട്ട് മാസമൊന്നായി. അരി കയറ്റുമതി കൂടിയതും വിദേശവിപണിയില്‍ നല്ല വിലകിട്ടുന്നതുമാണ് വിലക്കയറ്റത്തിന് കാരണം. വിലക്കയറ്റമുണ്ടെങ്കിലും കോഴിക്കോടുള്‍പ്പെടെയുളള വിപണിയില്‍ അരിക്ക് ക്ഷാമമില്ല. ഓണക്കാലമാകുമ്പോഴേക്കും ആവശ്യക്കാര്‍ കൂടും. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ക്ഷാമമുണ്ടായേക്കും. മൊത്തവിപണിയിലുള്‍പ്പെടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിടപെടലാണ് കച്ചവടക്കാരുടെ ആവശ്യം. പയറുള്‍പ്പെടെയുളള ധാന്യങ്ങളെ നിലവില്‍ വിലക്കയറ്റം കാര്യമായി ബാധിച്ചില്ലെന്നതുമാത്രമാണ് ആശ്വാസം.

 

Back to top button
error: Content is protected !!