കാലവർഷം ദുർബലമായി; ജൂലൈ നാലിന് ശേഷം വീണ്ടും സജീവമായേക്കും

കൊച്ചി: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി മഴയുടെ തീവ്രത കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇടത്തരം മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇന്നോ അടുത്ത ദിവസങ്ങളിലോ ഒരു ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കിയിട്ടില്ല. ജൂലൈ നാലിനു ശേഷം കാലവര്‍ഷം വീണ്ടും സജീവമായേക്കും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.

കേരള തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ തീരങ്ങളില്‍ ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം പ്രത്യേക ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതുണ്ട്.

അതേസമയം തിരുവനന്തപുരം, കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്നലെ കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു. പാലക്കാട് മംഗലം ഡാം തുറന്നു. കോഴിക്കോട് ഉരുള്‍പൊട്ടി. തത്കാലം മഴ കുറഞ്ഞെങ്കിലും കഴിഞ്ഞ ദിവസം പെയ്ത മഴയിലുണ്ടായ വെള്ളക്കെട്ട് പലഭാഗത്തും തുടരുകയാണ്

 

Back to top button
error: Content is protected !!