എംഎല്‍എ ഇടപെട്ടു; എംവിഐപിയുടെ വിച്ഛേദിച്ച വൈദ്യുതി പുന:സ്ഥാപിച്ചു

മൂവാറ്റുപുഴ : മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി ഓഫീസിന്റെ വൈദ്യുത കണക്ഷന്‍ കുടിശിക മൂലം കെഎസ്ഇബി വിച്ഛേദിച്ചു. എന്നാല്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഇടപെടലിനെത്തുടര്‍ന്ന് ഓഫീസില്‍ വൈകുന്നേരത്തോടെ വൈദ്യുത ബന്ധം പുനസ്ഥാപിച്ചു. കാവുംപടിയിലെ സൂപ്രണ്ടിംഗ് എന്‍ജിനീയരുടെ ഓഫീസിലേക്കുള്ള വൈദ്യുതിയാണ് ഇന്നലെ രാവിലെ കെഎസ്ഇബി വിച്ഛേദിച്ചത്. സര്‍ക്കാര്‍ തുക അനുവദിച്ചാല്‍ ഉടന്‍ തന്നെ എംവിഐപി ബില്‍ തുക അടയ്ക്കുമെന്ന എംഎല്‍എയുടെ ഉറപ്പിനെ തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിക്കാന്‍ കെഎസ്ഇബി തയാറായി. 15,000 രൂപയാണ് എംവിഐപി അടക്കേണ്ടത്.
1974 ല്‍ കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കും വേണ്ടി വിഭാവനം ചെയ്ത പദ്ധതിയാണ് മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി. മൂലമറ്റം പവര്‍ ഹൗസിലെ വൈദ്യുതി ഉല്‍പാദനത്തിന് ശേഷം പാഴായി പോകുന്ന ജലവും മറ്റ് സ്രോതസുകളില്‍ നിന്നുളള നീരൊഴുക്കും ഇടുക്കി, എറണാകുളം ജില്ലകളിലെ കര്‍ഷകര്‍ക്ക് പ്രയോജനകരമാക്കും. കര്‍ഷകരെ ബാധിക്കുന്ന പ്രശ്‌നമായതിനാലാണ് വിഷയത്തില്‍ ഇടപ്പെട്ടതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. മന്ത്രിയെ നേരില്‍ കണ്ട് വൈദ്യുത ബില്‍ അടക്കുന്നതിനുള്ള തുക അനുവദിക്കുവാന്‍ അഭ്യര്‍ത്ഥിക്കുമെന്നും എംഎല്‍എ പറഞ്ഞു.

Back to top button
error: Content is protected !!